സംസ്ഥാനത്ത് ഇന്നും ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ട്
Saturday, May 31, 2025 3:54 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ പ്രവചനം. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
അതേസമയം, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. ഞായർ, തിങ്കൾ ദിവസങ്ങളിൽ ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ചൊവ്വ, ബുധൻ ദിവസങ്ങളിൽ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ടാണ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
കേരള - കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും ഞായറാഴ്ചയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നും ഞായറാഴ്ചയും കേരള - കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.