ജലനിരപ്പുയരുന്നു; നദികളിൽ പ്രളയ മുന്നറിയിപ്പ്; ഓറഞ്ച് അലർട്ട്
Saturday, May 31, 2025 12:14 PM IST
തിരുവനന്തപുരം: അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പ് ചില നദികളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം.
പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ (കോന്നി GD സ്റ്റേഷൻ), മണിമല (തോന്ദ്ര - വള്ളംകുളം സ്റ്റേഷൻ) എന്നിവിടങ്ങളിലും കാസർഗോഡ് ജില്ലയിലെ ഉപ്പള നദി (ഉപ്പള സ്റ്റേഷൻ), നീലേശ്വരം (ചെയ്യം റിവർ സ്റ്റേഷൻ), മൊഗ്രാൽ (മധുർ സ്റ്റേഷൻ), ഷിറിയ (പുത്തിഗെ സ്റ്റേഷൻ) എന്നിവിടങ്ങളിലും ഓറഞ്ച് അലർട്ടാണ്.
അതേസമയം, ആലപ്പുഴ ജില്ലയിലെ അച്ചൻകോവിൽ (നാലുകെട്ടുകവല സ്റ്റേഷൻ), കണ്ണൂർ ജില്ലയിലെ പെരുമ്പ (കൈതപ്രം റിവർ സ്റ്റേഷൻ), കവ്വായ് (വെള്ളൂർ റിവർ സ്റ്റേഷൻ) എന്നിവിടങ്ങളിലും കാസർഗോഡ് ജില്ലയിലെ കരിയങ്കോട് (ഭീമനടി സ്റ്റേഷൻ), ചന്ദ്രഗിരി (പല്ലങ്കോട് സ്റ്റേഷൻ), ഷിറിയ (അങ്ങാടിമോഗർ സ്റ്റേഷൻ) എന്നിവിടങ്ങളിലും കൊല്ലം ജില്ലയിലെ പള്ളിക്കൽ (ആനയടി സ്റ്റേഷൻ), കോട്ടയം ജില്ലയിലെ മീനച്ചിൽ (പേരൂർ സ്റ്റേഷൻ), കോഴിക്കോട് ജില്ലയിലെ കോരപ്പുഴ (കുന്നമംഗലം സ്റ്റേഷൻ), പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ (കല്ലേലി സ്റ്റേഷൻ & പന്തളം സ്റ്റേഷൻ), പമ്പ (ആറന്മുള സ്റ്റേഷൻ) എന്നിവിടങ്ങളിലും തൃശൂർ ജില്ലയിലെ കരുവന്നൂർ (കരുവന്നൂർ സ്റ്റേഷൻ) എന്നിവിടങ്ങളിൽ യെല്ലോ അലർട്ടാണ്.
ഈ നദികളുടെ കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തേണ്ടതാണെന്നും മുന്നറിയിപ്പിൽ പറയുന്നു. യാതൊരു കാരണവശാലും ആളുകൾ നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറിത്താമസിക്കാൻ തയാറാകണമെന്നും സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു.