ഡോ. സിസ തോമസിന് പെന്ഷന് അടക്കം വിരമിച്ച ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് ഹൈക്കോടതി
Friday, May 30, 2025 4:54 PM IST
കൊച്ചി: ഡിജിറ്റല്‍ സര്‍വകലാശാലയിലെ താല്‍ക്കാലിക വൈസ് ചാന്‍സലര്‍ ഡോ. സിസ തോമസിന് പെന്ഷന് അടക്കമുള്ള വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്കാന് ഹൈക്കോടതി ഉത്തരവ്. രണ്ടാഴ്ചയ്ക്കുള്ളില്‍ ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് കോടതി ഉത്തരവിട്ടു.
ജസ്റ്റീസുമാരായ മുഹമ്മദ് മുഷ്താഖ്, ജോണ്സണ് ജോണ്‍ എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് ഉത്തരവിട്ടത്. പെന്ഷന് തുകയുടെ പലിശയില്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന് തീരുമാനമെടുക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി.
അച്ചടക്കത്തിന്റെ പേരിൽ ആനുകൂല്യങ്ങൾ നിഷേധിക്കരുതെന്നും കോടതി വ്യക്തമാക്കിയത്. സിസ തോമസ് വിരമിച്ച് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ആനുകൂല്യങ്ങള്‍ തടഞ്ഞുവച്ച സര്‍ക്കാര്‍ നടപടിയെയും ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
ജീവനക്കാരുടെ ബാധ്യതകള്‍ ഉള്‍പ്പടെയുള്ളവയില്‍ അവര്‍ വിരമിക്കും മുന്‍പ് സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്നായിരുന്നു കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോള്‍ ഹൈക്കോടതി വ്യക്തമാക്കിയത്. സിസ തോമസിന്റെ വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കാത്തതില്‍ രണ്ട് വര്‍ഷമായി സര്‍ക്കാര്‍ എന്താണ് അന്വേഷിക്കുന്നതെന്നും ഹൈക്കോടതി ചോദിച്ചിരുന്നു.