സംസ്ഥാനത്ത് ഇന്നും ശനിയാഴ്ചയും ശക്തമായ മഴ
Friday, May 30, 2025 6:41 AM IST
തിരുവനന്തപുരം: കാലവര്‍ഷം ശക്തിപ്രാപിക്കുന്നു. ഇന്നും ശനിയാഴ്ചയും സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കു സാധ്യതയുണ്ടെന്നു മുന്നറിയിപ്പ്.
കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ സംസ്ഥാനത്ത് ചില പ്രദേശങ്ങളില്‍ മഴ മാറിനിന്നെങ്കിലും ഇന്നും ശനിയാഴ്ചയുമായി സംസ്ഥാനമൊട്ടാകെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്കുന്ന സൂചന.
വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണുള്ളത്.
ശക്തമായ മഴ മുന്നില്‍ക്കണ്ട് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി പ്രത്യേക നിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചു. മലയോര മേഖലയില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍ പകല്‍ സമയം തന്നെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കണം. സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടാറുള്ള താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ക്യാമ്പുകളിലേക്ക് മാറണം.
ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കണം. സ്വകാര്യ, പൊതു ഇടങ്ങളില്‍ അപകടാവസ്ഥയില്‍ നില്ക്കുന്ന മരങ്ങള്‍, പോസ്റ്റുകള്‍, ബോര്‍ഡുകള്‍, മതിലുകള്‍ തുടങ്ങിയവ സുരക്ഷിതമാക്കണം.