ദളിത് യുവതിക്കെതിരായ പോലീസ് ക്രൂരത; എസ്എച്ച്ഒയെ സ്ഥലംമാറ്റി
Friday, May 30, 2025 10:49 PM IST
തിരുവനന്തപുരം: ദളിത് യുവതിയെ മോഷണക്കുറ്റം ചുമത്തി മാനസികമായി പീഡിപ്പിച്ചെന്ന പരാതിയിൽ നടപടി. പേരൂര്‍ക്കട എസ്എച്ച്ഒ ശിവകുമാറിനെ സ്ഥലം മാറ്റി. കോഴിക്കോട് മാവൂര്‍ പോലീസ് സ്റ്റേഷനിലേക്ക് ആണ് സ്ഥലംമാറ്റിയത്.
പൊതു സ്ഥലംമാറ്റത്തിനൊപ്പമാണ് പുതിയ മാറ്റം. ദളിത് യുവതിയായ ബിന്ദുവിന്റെ പരാതിക്ക് പിന്നാലെ പേരൂര്‍ക്കട എസ്ഐ പ്രസാദിനെ ആഭ്യന്തരവകുപ്പ് സസ്പെന്‍ഡ് ചെയ്തിരുന്നു.
പനവൂര്‍ ഇരുമരം സ്വദേശിനി ബിന്ദുവാണ് പരാതി ഉന്നയിച്ചത്. മോഷണക്കുറ്റം ആരോപിച്ച് പോലീസ് സ്റ്റേഷനിലെത്തിച്ച ബിന്ദുവിനെ 20 മണിക്കൂറോളം പോലീസ് മാനസികമായി പീഡിപ്പിച്ചെന്നായിരുന്നു പരാതി.
യുവതി ജോലിക്കുനിന്ന വീട്ടിൽനിന്നു മാല മോഷണംപോയെന്ന പരാതിയിലാണ് ബിന്ദുവിനെ സ്റ്റേഷനിൽ വിളിച്ചുവരുത്തിയത്. പോലീസിനോടു നിരപരാധിയാണെന്നു കരഞ്ഞുപറഞ്ഞിട്ടും വിട്ടയച്ചില്ല.
രാത്രി വൈകി പനവൂരിലെ വീട്ടിലെത്തിച്ച് മാലയ്ക്കായി പോലീസ് പരിശോധനയും നടത്തി. തിരിച്ച് വീണ്ടും പേരൂർക്കട സ്റ്റേഷനിലെത്തിച്ചു. കുടിക്കാൻ വെള്ളംപോലും നൽകിയില്ലെന്നും ആരോപിച്ചിരുന്നു.
എന്നാൽ, ആ വീട്ടിൽനിന്നുതന്നെ നഷ്ടപ്പെട്ടെന്നു കരുതിയ മാല കണ്ടെത്തിയിരുന്നു. ഉടമസ്ഥതന്നെ പിറ്റേന്ന് പോലീസ് സ്റ്റേഷനിൽ എത്തി മാല കിട്ടിയെന്നറിയിച്ചു. ഇതേത്തുടർന്നാണ് ബിന്ദുവിനെ കുറ്റവിമുക്തയാക്കാൻ പോലീസ് തയാറായത്.