എം.വി.ഗോവിന്ദന്റേത് തെരഞ്ഞെടുപ്പ് ആരോപണം; മറുപടി പറയാനില്ലെന്ന് ഷൗക്കത്ത്
Thursday, May 29, 2025 9:37 AM IST
മലപ്പുറം: കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാന്‍ താന്‍ പാലം വലിച്ചെന്ന എം.വി.ഗോവിന്ദന്റെ ആരോപണത്തിന് മറുപടി പറയാനില്ലെന്ന് നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന് ഷൗക്കത്ത്. ഗോവിന്ദന്റേത് തെരഞ്ഞെടുപ്പ് ആരോപണമാണ്. തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരം വിവാദങ്ങള്‍ സ്വാഭാവികമാണെന്നും ഷൗക്കത്ത് പ്രതികരിച്ചു.
അന്‍വറുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ യുഡിഎഫ് നേതൃത്വം മറുപടി പറയും. അവരാണ് അത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നത്. തന്നെ ഏല്‍പ്പിച്ചത് തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. അത്തരം ചുമതലകള്‍ കൃത്യമായി നിറവേറ്റുമെന്നും ഷൗക്കത്ത് പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഷൗക്കത്ത് പാലം വലിച്ചത് കൊണ്ടാണ് യുഡിഎഫ് സ്ഥാനാർഥി വി.വി. പ്രകാശ് തോറ്റതെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ ആരോപണം. വി.വി. പ്രകാശിന്റെ മകളുടെ ഫേസ്ബുക്ക് പോസ്റ്റ് ഷൗക്കത്തിനെതിരായ ഒളിയമ്പാണെന്നും ഗോവിന്ദൻ ആരോപിച്ചിരുന്നു.