പ്രധാനമന്ത്രിക്ക് രാജ്യസുരക്ഷയെക്കാൾ പ്രധാനം തെരഞ്ഞെടുപ്പ്: എം.എ. ബേബി
Thursday, May 29, 2025 1:18 AM IST
കണ്ണൂർ: രാജ്യ സുരക്ഷയേക്കാൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രധാനം തെരഞ്ഞെടുപ്പെന്ന് സിപിഎം അഖിലേന്ത്യ ജനറൽ സെക്രട്ടറി എം.എ. ബേബി. പഹൽഗാമിൽ 26 പേർ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടതിനെത്തുടർന്ന് വിളിച്ചുചേർത്ത രണ്ട് സർവകക്ഷി യോഗങ്ങളിലും രാജ്യത്തുണ്ടായിട്ടും പ്രധാനമന്ത്രി പങ്കെടുത്തില്ല.
ആദ്യത്തെ സർവകക്ഷി യോഗം നടക്കുന്ന സമയം ബിഹാറിൽ തെരഞ്ഞെടുപ്പ് തന്ത്രം മെനയുന്ന തിരക്കിലായിരുന്ന പ്രധാനമന്ത്രിയെന്നും അദ്ദേഹം ആരോപിച്ചു.
യൂണിയൻ ടെറിട്ടറിയിൽപ്പെട്ട കാഷ്മീരിൽ സകല സുരക്ഷ സംവിധാനങ്ങളും ലംഘിച്ച് അതിർത്തിയിൽനിന്ന് 100 കിലോമീറ്റർ അകലെയുള്ള പഹൽഗാമിൽ തീവ്രവാദികൾ എത്തിയത് ഗുരുതര സുര ക്ഷാ വീഴ്ചയാണ്.
പോലീസ്, അർധ സൈനിക വിഭാഗം, പട്ടാളം, അതിർത്തി രക്ഷാസേന ഇവരുടൊയൊക്കെ കണ്ണുവെട്ടിച്ച് പഹൽഗാമിൽ എത്തി 26 പേരെ മതം ചോദിച്ച് കൊലപ്പെടുത്തി സുരക്ഷിതമായി രക്ഷപ്പെട്ടതും അവരെ ഇതുവരെ പിടികൂടാൻ കഴിയാത്തതും കേന്ദ്ര സർക്കാരിന്റെ ഗുരുതര വീഴ്ചയാണ് വ്യക്തമാകുന്നതെന്ന് എം.എ. ബേബി പറഞ്ഞു.