അതിശക്തമായ മഴ; ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി
Wednesday, May 28, 2025 11:03 PM IST
തിരുവനന്തപുരം: അതിതീവ്ര മഴ മുന്നറിയിപ്പിന് പിന്നാലെ സംസ്ഥാനത്തെ ആറ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർമാർ. കാസർഗോട്, കണ്ണൂർ, എറണാകുളം, ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകൾക്ക് പിറകെ വയനാട്ടിലും അവധി പ്രഖ്യാപിച്ചു.
വയനാട്ടില്‍ അതിശക്തമായ മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കാസർഗോട്, കണ്ണൂർ, എറണാകുളം, ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേരത്തെ തന്നെ കളക്ടർമാർ അവധി പ്രഖ്യാപിച്ചിരുന്നു. മുൻ നിശ്ചയിച്ച പരീക്ഷകൾ നടക്കുമെന്ന് കാസർകോട് കളക്ടറും റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ലെന്ന് ഇടുക്കി കളക്ടറും വ്യക്തമാക്കി.