അരുവിക്കരയിൽ യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; പ്രതികൾ അറസ്റ്റിൽ
Wednesday, May 28, 2025 10:09 PM IST
തിരുവനന്തപുരം: അരുവിക്കരയിൽ യുവാക്കളെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ അറസ്റ്റിൽ. വട്ടിയൂർക്കാവ് കൊടുങ്ങാനൂർ സ്വദേശികളായ കിരൺ വിജയ് ( 27), അഭിലാഷ് എന്ന കിണ്ടർ അപ്പു (27 ) വട്ടിയൂർക്കാവ് മണ്ണറക്കോണം സ്വദേശി സുജിത്ത് ( 38) , വട്ടിയൂർക്കാവ് കൊടുങ്ങാന്നൂർ സ്വദേശി അരുൺ കുമാർ (30) എന്നിവരാണ് അറസ്റ്റിലായത്.
അരുവിക്കര ഇരുന്പയിൽ കഴിഞ്ഞ 21 നായിരുന്നു സംഭവം. ഇരുമ്പ സ്വദേശികളായ ബിനു, രാജീവ് എന്നിവരെയാണ് നാലംഗ സംഘം കൊലപ്പെടുത്താൻ ശ്രമിച്ചത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാക്കളെ കാറിൽ പിന്തുടർന്നെത്തിയ സംഘം ഇടിച്ചു വീഴ്ത്തി റോഡിലിട്ട് ആക്രമിക്കുകയായിരുന്നു.
പ്രതികൾ മുഖം മൂടി ധരിച്ചിരുന്നു. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പോലീസിന്റെ നിഗമനം. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒളിയിടത്തിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.