സ്കൂള്‍ പ്രവൃത്തി ദിനങ്ങള്‍ സംബന്ധിച്ച കോടതിയലക്ഷ്യ കേസ്: റാണി ജോർജ് ഐഎഎസ് നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി
Wednesday, May 28, 2025 4:49 PM IST
കൊച്ചി: സ്കൂള്‍ പ്രവൃത്തി ദിനങ്ങള്‍ സംബന്ധിച്ച കോടതിയലക്ഷ്യ കേസില്‍ പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് ഐഎഎസിനോട് നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി. 220 സ്കൂൾ പ്രവൃത്തി ദിനങ്ങൾ സംബന്ധിച്ച കോടതിയലക്ഷ്യ കേസിലാണ് ഉത്തരവ്.
ജസ്റ്റീസ് എ. മുഹമ്മദ് മുഷ്താഖ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്. 2025-2026 അധ്യായന വർഷത്തെ വിദ്യാഭ്യാസ കലണ്ടർ ജൂൺ 11 നകം പുറത്തിറക്കിയില്ലെങ്കിൽ പ്രിൻസിപ്പൽ സെക്രട്ടറിയോട് നേരിട്ട് ഹാജരാകണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം.
മൂവാറ്റുപുഴ വീട്ടൂർ എബനേസർ ഹയർ സെക്കണ്ടറി സ്കൂൾ മാനേജർ സി. കെ. ഷാജി നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി. കേരള വിദ്യാഭ്യാസ നിയമം നിഷ്കർഷിക്കുന്ന 220 പ്രവൃത്തി ദിനങ്ങൾ ഒരു അധ്യായന വർഷം വേണമെന്ന നിബന്ധന നടപ്പാക്കാത്ത സാഹചര്യത്തിലാണ് ഹർജിക്കാരൻ കോടതിയലക്ഷ്യ ഹർജിയുമായി ഡിവിഷൻ ബെഞ്ചിനെ വീണ്ടും സമീപിച്ചത്.
കോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ കേസ് വീണ്ടും പരിഗണിക്കുന്ന ജൂൺ 11 ന് വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി നേരിട്ട് ഹാജരാകാനാണ് ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്.