മാസപ്പടി കേസ്; എസ്എഫ്ഐഒ കുറ്റപത്രം നല്‍കില്ലെന്ന ഉറപ്പ് പാലിച്ചില്ലെന്ന് ഡൽഹി ഹൈക്കോടതി
Wednesday, May 28, 2025 1:35 PM IST
ന്യൂഡല്‍ഹി: സിഎംആര്‍എല്‍-എക്സാലോജിക് മാസപ്പടി ഇടപാടില്‍ കേന്ദ്രത്തോട് ചോദ്യങ്ങളുമായി ഡല്‍ഹി ഹൈക്കോടതി. എസ്എഫ്ഐഒ കുറ്റപത്രം നല്‍കില്ലെന്ന ഉറപ്പ് എന്തുകൊണ്ട് പാലിച്ചില്ലെന്ന് കോടതി ചോദിച്ചു.
ജസ്റ്റീസ് സുബ്രഹ്മണ്യന് പ്രസാദാണ് ഹര്‍ജി പരിഗണിച്ചത്. കേസില്‍ അന്വേഷണം തുടരുമെങ്കിലും വിചാരണ കോടതിയില്‍ കുറ്റപത്രം ഫയല്‍ ചെയ്യില്ലെന്ന് എസ്എഫ്ഐഒ വാക്കാല്‍ ഉറപ്പ് നല്‍കിയിരുന്നു. മുതിര്‍ന്ന അഭിഭാഷകര്‍ വാക്കാല്‍ നല്കുന്ന ഉറപ്പുകള്‍ കോടതികള്‍ മുഖവിലയ്ക്ക് എടുക്കാറുണ്ടെന്നും ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് വ്യക്തമാക്കി. ഇക്കാര്യം രേഖപ്പെടുത്തി വീണ്ടും കേസ് ചീഫ് ജസ്റ്റിസിന് തിരിച്ചയച്ചു.
എസ്എഫ്ഐഒ അന്വേഷണം ചോദ്യംചെയ്ത് സിഎംആര്‍എല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജി ആദ്യം പരിഗണിച്ചത് ജസ്റ്റിസ് സുബ്രമണ്യം പ്രസാദിന്റെ ബെഞ്ച് ആയിരുന്നു. ഡല്‍ഹി ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഹര്‍ജിയില്‍ അന്തിമ തീര്‍പ്പ് ഉണ്ടാകുന്നത് വരെ കേസിലെ കുറ്റപത്രം വിചാരണ കോടതിയില്‍ ഫയല്‍ ചെയ്യില്ല എന്ന വാക്കാലുള്ള ഉറപ്പ് എസ്എഫ്ഐഒ യുടെ അഭിഭാഷകര്‍, ജസ്റ്റിസ് സുബ്രമണ്യം പ്രസാദിന്റെ ബെഞ്ചിന് നല്‍കിയിരുന്നു എന്നായിരുന്നു സിഎംആര്‍എല്ലിന്റെ വാദം.
എന്നാല്‍ ഇത്തരം ഒരു ഉറപ്പ് നല്കിയ കാര്യം തങ്ങള്‍ക്ക് അറിയില്ലെന്ന് എസ്എഫ്ഐഒയ്ക്ക് വേണ്ടി ഡല്‍ഹി ഹൈക്കോടതിയിലെ ജസ്റ്റിസ് ഗിരീഷ് കത്പാലിയയുടെ ബെഞ്ചിന് മുമ്പാകെ ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജുവും അഭിഭാഷകരും പറഞ്ഞിരുന്നു. തുടര്‍ന്ന് ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്നതിനാണ് കേസ് ജസ്റ്റിസ് സുബ്രമണ്യം പ്രസാദിന്റെ ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്തത്.