മുംബൈയിൽ കനത്ത മഴ; വിമാന സർവീസുകൾ തടസപ്പെട്ടു
Monday, May 26, 2025 11:09 AM IST
മുംബൈ: ഞായറാഴ്ച പകലും രാത്രിയും തുടർന്ന കനത്ത മഴ മുംബൈ നഗരത്തെ സ്തംഭിപ്പിച്ചു. നഗരത്തിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. 3,100ലധികം താമസക്കാരോട് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാൻ അധികൃതർ നിർദേശം നൽകി.
മഴയും ആഞ്ഞടിച്ച കാറ്റും കാരണം വിമാന സർവീസുകൾ തടസപ്പെട്ടു. കുർള, സിയോൺ, ദാദർ, പരേൽ എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം നിറഞ്ഞ തെരുവുകളിലൂടെ വാഹനങ്ങൾ നീങ്ങുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളുടെ കണക്കനുസരിച്ച് ഞായറാഴ്ച മുംബൈയിലെ നരിമാൻ പോയന്റ് പ്രദേശത്ത് 40 മില്ലിമീറ്ററും ഗ്രാന്റ് റോഡിൽ 36 മില്ലിമീറ്ററും കൊളാബയിൽ 31 മില്ലിമീറ്ററും ബൈക്കുല്ലയിൽ 21 മില്ലിമീറ്ററും മഴ ലഭിച്ചു.
മുംബൈയുടെ കിഴക്കൻ, പടിഞ്ഞാറൻ പ്രാന്തപ്രദേശങ്ങളിൽ തിങ്കളാഴ്ച മഴ ലഭിക്കുന്നുണ്ടെന്ന് അധികൃതർ കൂട്ടിച്ചേർത്തു.
മുംബൈയിൽ നിന്നുള്ള വിമാന സർവീസുകളെ മഴ ബാധിച്ചു. മോശം കാലാവസ്ഥ കാരണം വിമാനങ്ങളുടെ ആഗമനവും പുറപ്പെടലുകളും പരിശോധിക്കണമെന്ന് സ്പൈസ് ജെറ്റും എയർ ഇന്ത്യയും അറിയിച്ചു.
തുടർച്ചയായ മഴയിൽ റെയിൽവേ ട്രാക്കുകളിൽ വെള്ളം കെട്ടി നിൽക്കുന്നതിനാൽ സബർബൻ ട്രെയിൻ സർവീസുകൾ വൈകി. സെൻട്രൽ റെയിൽവേയുടെ പ്രധാന പാതയിൽ കല്യാണിലേക്ക് പോകുന്ന ട്രെയിനുകൾ വൈകിയാണ് ഓടുന്നത്.
ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിലേക്ക് പോകുന്ന അതിവേഗ ട്രെയിനുകൾ വൈകിയാണ് ഓടുന്നത്. ഹാർബർ, വെസ്റ്റേൺ ലൈനിലെ ട്രെയിൻ സർവീസുകളും കാലതാമസം നേരിടുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ ദിവസം മുതൽ മുംബൈ നഗരത്തിലെ ചില ഭാഗങ്ങളിൽ കനത്ത മഴയും വെള്ളക്കെട്ടും അനുഭവപ്പെടുന്നുണ്ട്. തിങ്കളാഴ്ച മുംബൈയിലെ താനെ, പാൽഘർ ജില്ലകളിൽ കനത്ത മഴ പെയ്യുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. റായ്ഗഡ്, രത്നഗിരി, സിന്ധുദുർഗ് ജില്ലകളിൽ അതിശക്തമായ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.