കർണാടകയിൽ ബിജെപി എംഎൽഎമാരുടെ സസ്പെൻഷൻ പിൻവലിച്ചു
Monday, May 26, 2025 1:12 AM IST
ബംഗളൂരു: കർണാടകയിൽ 18 ബിജെപി എംഎൽഎമാരുടെ സസ്പെൻഷൻ സ്പീക്കർ പിൻവലിച്ചു. സഭയിൽ നിന്നും ആറു മാസത്തേക്കാണ് എംഎൽഎമാരെ സസ്പെൻഡ് ചെയ്തത്. സസ്പെൻഡ് ചെയ്ത് രണ്ടുമാസങ്ങൾക്ക് ശേഷമാണ് നടപടി പിൻവലിക്കുന്നതെന്ന് സ്പീക്കർ യു.ടി. ഖാദർ അറിയിച്ചു.
മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, പ്രതിപക്ഷ നേതാവ് ആർ. അശോക, നിയമ പാർലമെന്ററി കാര്യ മന്ത്രി എച്ച്.കെ. പാട്ടീൽ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സ്പീക്കർ തീരുമാനം പ്രഖ്യാപിച്ചത്.
അച്ചടക്കമില്ലായ്മയം സ്പീക്കറോട് അനാദരവും കാണിച്ചതിന് മാർച്ച് 21 നാണ് 18 ബിജെപി എംഎൽഎമാരെ ആറ് മാസത്തേക്ക് നിയമസഭയിൽ നിന്ന് സസ്പെൻഡ് ചെയ്തത്. സഭയിൽ നിന്നും പുറത്ത് പോകാൻ വിസമ്മതിച്ച ഇവരെ സുരക്ഷാഉദ്യോഗസ്ഥർ ബലമായാണ് പുറത്താക്കിയത്.
"സസ്പെൻഷൻ സന്തോഷപൂർവം പിൻവലിച്ചിരിക്കുന്നു. യാതൊരു നിബന്ധനകളും ഇല്ല. ആ നിയമസഭാംഗങ്ങൾ ഞങ്ങളുടെ സുഹൃത്തുക്കളാണ്, ശത്രുക്കളല്ല. അന്ന് നടന്ന സംഭവം വളരെ പെട്ടെന്ന് സംഭവിച്ചതാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എനിക്കും കർശന നടപടിയെടുക്കേണ്ടി വന്നു'. സ്പീക്കർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.