നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; ആര്യാടൻ ഷൗക്കത്തിന് നറുക്ക് വീണെന്ന് സൂചന
Sunday, May 25, 2025 10:23 PM IST
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാർഥിയാകും. ഇതു സംബന്ധിച്ചുള്ള പ്രഖ്യാപനം തിങ്കളാഴ്ച ഉച്ചയ്ക്കു മുമ്പ് നടത്തും. ഒറ്റപ്പേര് എഐസിസിക്ക് കൈമാറാനാണ് കെപിസിസിയുടെ തീരുമാനം.
ആര്യാടൻ ഷൗക്കത്തിന്റെ പേരിനാണ് കെപിസിസി ചര്‍ച്ചകളില്‍ മുൻതൂക്കം. ഡിസിസി പ്രസിഡന്റ് വി.എസ്.ജോയി സ്ഥാനാർഥിയാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും അവസാന നിമിഷം ചർച്ച ആര്യാടൻ ഷൗക്കത്തിലേക്ക് എത്തുകയായിരുന്നു.
മണ്ഡലത്തിലെ ചില സമവാക്യങ്ങൾ ഷൗക്കത്തിന് ആനുകൂലമാണെന്നാണ് കെപിസിസിയുടെ വിലയിരുത്തൽ. തന്നെ സ്ഥാനാർഥിയാക്കണോയെന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസ് ഹൈക്കമാന്റാണെന്ന് ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.
എന്നാൽ എൽഡിഎഫ് സ്ഥാനാർഥിയെ തീരുമാനിക്കുന്നതിനായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചൊവ്വാഴ്ച ചേരും. യുഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനത്തിനു പിന്നാലെ വിമതനീക്കമുണ്ടാകുമോയെന്നും അവർ
നിരീക്ഷിക്കുന്നുണ്ട്.
2016ലെ തെരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്ത് നിലമ്പൂരിൽ മത്സരിച്ചിരുന്നവെങ്കിലും പി.വി.അൻവറിനോട് പരാജയപ്പെട്ടിരുന്നു. എൽഡിഎഫ് സ്വതന്ത്രനായി മത്സരിച്ച അൻവർ 11504 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അന്ന് വിജയിച്ചത്.