ക്വാർട്ടർ ഫൈനലിന് അങ്കം കുറിച്ചു; സസ്പെന്സുമായി മുന്നണികൾ
ക്രിസ്റ്റോമോൻ തോമസ്
Sunday, May 25, 2025 6:22 PM IST
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ തിരക്കിട്ട ചർച്ചകളിലേക്ക് കടന്ന് മുന്നണികൾ. തിങ്കളാഴ്ച തന്നെ യുഡിഎഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനയുണ്ട്. സ്ഥാനാര്‍ഥി നിര്‍ണയം അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാൻ എൽഡിഎഫ് തിരക്കിട്ട ചര്‍ച്ചകള്‍ ആരംഭിച്ചു.
നിലമ്പൂരിൽ അടിയന്തര യോഗമടക്കം ചേരുന്നുണ്ട്. എന്നാൽ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കണോയെന്ന കാര്യത്തിലടക്കം ബിജെപിയിൽ തീരുമാനമായില്ല. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇപ്പോള്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പ് ആര്‍ക്കും ഗുണകരമല്ലെന്നും വോട്ടര്‍മാരെ അടിച്ചേൽപ്പിച്ചതാണെന്നുമാണ് ബിജെപിയുടെ നിലപാട്.
ഇടതു സ്വതന്ത്രനായ പി.വി.അൻവർ എംഎൽഎ സ്ഥാനം രാജിവച്ച് ഇടതു മുന്നണി വിട്ടതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ആര്യാടൻ മുഹമ്മദ് കാലങ്ങളായി വിജയിച്ച മണ്ഡലം അൻവറിലൂടെയാണ് സിപിഎം പിടിച്ചെടുത്തത്. മുഖ്യമന്ത്രിയെയും സർക്കാരിനെയും വെല്ലുവിളിച്ച അൻവറിനെ രാഷ്ട്രീയമായി തകർക്കാനാണ് സിപിഎമ്മിന്റെ ലക്ഷ്യം.
അതിനാൽ സിപിഎമ്മിന് ജയം അനിവാര്യമാണ്. ആര്യാടൻ ഷൗക്കത്ത്, ഡിസിസി പ്രസിഡന്റ് വി.എസ്.ജോയി എന്നിവരെയാണ് യുഡിഎഫ് പരിഗണിക്കുന്നത്. പിണറായിസത്തിന്റെയും മരുമോനിസത്തിന്റെയും അവസാനമാകും നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പെന്ന് പി.വി.അൻവർ വ്യക്തമാക്കി.
യുഡിഎഫ് തീരുമാനിക്കുന്ന ഏത് സ്ഥാനാർഥിയേയും പിന്തുണയ്ക്കുമെന്ന് പി.വി.അൻവർ പറഞ്ഞത് യുഡിഎഫ് ക്യാമ്പിന് ആശ്വാസം നൽകുന്ന ഘടകമാണ്. എൽഡിഎഫ് സ്ഥാനാർഥിയായി പ്രെഫ. എം.തോമസ് മാത്യു, മുൻ ഫുട്ബോൾ താരം യു.ഷറഫലി, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് പി.ഷബീർ, നഗരസഭാ ചെയർമാൻ മാട്ടുമ്മൽ സലിം തുടങ്ങിയവരുടെ പേരുകളാണ് പരിഗണിക്കുന്നത്.
ഉപതെരഞ്ഞെടുപ്പ് അനാവശ്യമാണെന്നാണ് ബിജെപിയുടെ നിലപാട്. നിലമ്പൂരിൽ മത്സരിക്കണോ വേണ്ടയോ എന്നതിൽ ബിജെപിയിൽ രണ്ട് അഭിപ്രായമാണുള്ളത്. ദേശീയ നേതൃത്വത്തോട് ആലോചിച്ചായിരിക്കും മത്സരിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുക. സ്ഥാനാര്‍ഥിയെ നിര്‍ത്തേണ്ടതില്ലെന്നാണ് ബിജെപി കോര്‍ കമ്മിറ്റിയിലെ ഭൂരിപക്ഷ അഭിപ്രായം.
1982ൽ ടി.കെ.ഹംസ വിജയിച്ചശേഷം 2016ൽ അൻവറിലൂടെയാണ് നിലമ്പൂരിൽ എൽഡിഎഫ് ചെങ്കൊടി പാറിച്ചത്. അതുവരെ എല്ലാ തെരഞ്ഞെടുപ്പിലും കോൺഗ്രസ് സ്ഥാനാർഥി ആര്യാടൻ മുഹമ്മദാണ് വിജയിച്ചത്. 11504 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് 2016ൽ അൻവർ ജയിച്ചത്. ആര്യാടൻ ഷൗക്കത്തായിരുന്നു എതിരാളി.
കഴിഞ്ഞ തവണ 2700 വോട്ടിനാണ് അൻവർ വിജയിച്ചത്. വി.വി.പ്രകാശായിരുന്നു എതിരാളി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 8595 വോട്ടുകളാണ് ബിജെപിക്ക് ലഭിച്ചത്.