നിലമ്പൂർ സെമിഫൈനൽ; യുഡിഎഫ് സജ്ജമെന്ന് പ്രതിപക്ഷ നേതാവ്
Sunday, May 25, 2025 2:24 PM IST
പറവൂർ: അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പെന്നും യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടാൻ പൂർണ സജ്ജമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് സ്ഥാനാർഥിയെ എത്രയും പെട്ടന്ന് തന്നെ പ്രഖ്യാപിക്കും. നേതാക്കന്മാരുമായി ഇക്കാര്യത്തിൽ കൂടിയാലോചനകൾ നടക്കുകയാണ്. സ്ഥാനാർഥി പ്രഖ്യാപനം വൈകില്ല. മണ്ഡലത്തിലെ യുഡിഎഫിന്റെ 263 ബൂത്ത് കമ്മിറ്റികളും നിലവിൽ വന്നു കഴിഞ്ഞു. എണ്ണായിരത്തോളം പുതിയ വോട്ടുകൾ യുഡിഎഫ് ചേർത്തു കഴിഞ്ഞു. മുന്നണിയുടെ ചിട്ടയായ പ്രവർത്തനം മണ്ഡലത്തിലുണ്ടാകും.
പി.വി.അൻവർ യുഡിഎഫ് സ്ഥാനാർഥിക്ക് പിന്തുണ നൽകുമെന്ന് നേരത്തെ പ്രഖ്യാപിച്ചതാണ്. അദ്ദേഹത്തിന്റെ പ്രവർത്തനം യുഡിഎഫിന് ഗുണകരമാകും. അൻവർ ഉയർത്തിയ അഴിമതിയാരോപണങ്ങൾ എല്ലാം തെരഞ്ഞെടുപ്പിൽ ചർച്ചയാകും. സർക്കാരിനെതിരായ വിചാരണയാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ നടക്കാൻ പോകുന്നതെന്നും വി.ഡി.സതീശൻ പറഞ്ഞു.