അൻവർ യുഡിഎഫിനു വേണ്ടി ഇടതുപക്ഷത്തെ ഒറ്റിക്കൊടുത്ത യൂദാസ്: എം.വി. ഗോവിന്ദൻ
Sunday, May 25, 2025 12:48 PM IST
മലപ്പുറം: നിലമ്പുർ മുൻ എംഎൽഎ പി.വി. അൻവറിന്റേത് ഇടതുപക്ഷത്തെ ഒറ്റുകൊടുക്കുന്ന നിലപാടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. യൂദാസിന്റെ രൂപമാണ് അൻവറിനെന്നും അദ്ദേഹം കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ആദ്യം ഡിഎംകെയെന്നും പിന്നീട് തൃണമൂലെന്നും പറഞ്ഞ് അൻവർ യാത്ര നടത്തിയത് യുഡിഎഫിന് വേണ്ടിയാണ്. നെറികെട്ട പ്രവർത്തനമാണത്. അക്കാര്യം തങ്ങൾ ആദ്യമേ ചൂണ്ടിക്കാണിച്ചിരുന്നു. യുഡിഎഫിന് വേണ്ടി എൽഡിഎഫിനെ ഒറ്റുകൊടുക്കുകയാണ് അൻവർ ചെയ്തതെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷം വലിയ വിജയം നേടും. സംസ്ഥാന സർക്കാരിന്റെ തുടർച്ചയായ മൂന്നാം ടേമിലേക്കുള്ള യാത്രയ്ക്ക് സഹായിക്കുന്ന രീതിയിൽ നിലമ്പൂരിൽ തെരഞ്ഞെടുപ്പ് ഫലമുണ്ടാകും. നാലുവർഷത്തെ ഭരണത്തിന്റെ പ്രതിഫലനം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരാഴ്ചയ്ക്കുള്ളിൽ എൽഡിഎഫിന്റെ സ്ഥാനാർഥിയെ പ്രഖ്യാപിക്കും. എൽഡിഎഫ് ഏത് സ്ഥാനാർഥിയെ ഇറക്കിയാലും പ്രമുഖരായിരിക്കുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.