കരയ്ക്കടിഞ്ഞ വസ്തുക്കൾ കണ്ടാൽ അടുത്തേക്ക് പോകരുത്: ജാഗ്രതാനിർദേശവുമായി ദുരന്തനിവാരണ അഥോറിറ്റി
Sunday, May 25, 2025 12:28 PM IST
കൊച്ചി: തീരത്തിനടുത്ത് അറബിക്കടലില്‍ മുങ്ങിയ എംഎസ്സി എൽസ-3 ചരക്കുകപ്പലിൽ നിന്നുള്ള വസ്തുക്കൾ എന്ന് തോന്നുന്നവ തീരത്ത് അടിഞ്ഞത് കണ്ടാൽ സ്പർശിക്കരുതെന്ന് വീണ്ടും മുന്നറിയിപ്പ്. അടുത്ത് പോകരുതെന്നും അപ്പോൾ തന്നെ 112 വിൽ അറിയിക്കണമെന്നും ദുരന്ത നിവാരണ അഥോറിറ്റി മുന്നറിയിപ്പ് നൽകി.
ചുരുങ്ങിയത് 200 മീറ്റർ എങ്കിലും മാറി നിൽക്കാൻ ശ്രദ്ധിക്കണം. കൂട്ടം കൂടി നിൽക്കരുത്. വസ്തുക്കൾ അധികൃതർ മാറ്റുമ്പോൾ തടസം സൃഷ്ടിക്കരുത്. ദൂരെ മാറി നിൽക്കുവാൻ ശ്രദ്ധിക്കണം. പൊതുജനങ്ങൾ, മാധ്യമ പ്രവർത്തകർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
അതേസമയം കടലിൽ ചെരിഞ്ഞ ചരക്കുകപ്പൽ പൂർണമായും മുങ്ങിത്താഴ്ന്നു. കപ്പല്‍ ഉയര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നെങ്കിലും ദൗത്യത്തിലേക്ക് കടക്കുന്നതിന് മുന്നെ കപ്പല്‍ പൂര്‍ണമായും മുങ്ങി. കപ്പലില്‍ അവശേഷിച്ച കണ്ടെയ്നറുകളെല്ലാം കടലില്‍ പതിച്ചു.
രാവിലെ കപ്പലിൽ നിന്ന് ക്യാപ്റ്റനെയും എൻജിനീയർമാരെയും ഇന്ത്യൻ നേവിയുടെ ഐഎൻഎസ് സുജാതയിലേക്ക് മാറ്റിയിരുന്നു. റഷ്യൻ പൗരനായ ക്യാപ്റ്റനും 20 ഫിലിപ്പീൻസ് സ്വദേശികളും യുക്രെയ്നിൽ നിന്നുള്ള രണ്ടുപേരും ഒരു ജോർജിയൻ സ്വദേശിയുമായിരുന്നു കപ്പലിൽ ഉണ്ടായിരുന്നത്. 24 ജീവനക്കാരിൽ 21 പേരെ തീരസേനയും നാവികസേനയും ശനിയാഴ്ച തന്നെ രക്ഷപ്പെടുത്തിയിരുന്നു.
കണ്ടെയ്നറുകള്‍ പൂര്‍ണമായും കടലില്‍ പതിച്ചതോടെ കടുത്ത പാരിസ്ഥിതിക പ്രതിസന്ധിയാണ് ഉടലെടുത്തിയിരിക്കുന്നത്. കണ്ടെയ്നറുകൾ എറണാകുളം, അലപ്പുഴ തീരത്ത് എത്താനാണ് കൂടുതൽ സാധ്യതയെന്നാണ് ദുരന്തനിവാരണ അതോറിറ്റി പറയുന്നത്. കൊല്ലം, തിരുവനന്തപുരം തീരത്ത് എത്താൻ വിദൂര സാധ്യതയുണ്ട്. കണ്ടെയ്നറിൽ എന്താണെന്ന വിവരം അധികൃതർ പുറത്തുവിട്ടിട്ടില്ല. സൾഫർ കലർന്ന ഇന്ധനമാണെന്ന് സൂചനയുണ്ട്.