മൊബൈൽ ഫോണിൽ പാട്ട് വയ്ക്കുന്നതിനെച്ചൊല്ലി തർക്കം; ഭർത്താവ് ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ചു
Sunday, May 25, 2025 7:39 AM IST
ബംഗളൂരു: മൊബൈൽ ഫോണിൽ പാട്ട് വയ്ക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് ഭർത്താവ് ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ചു.
വടക്കൻ ബംഗളൂരുവിലെ സിഡെദഹള്ളിയിലെ എൻഎംഎച്ച് ലേഔട്ടിൽ മേയ് 19നാണ് സംഭവം.
അക്രമത്തിൽ തലയ്ക്കും മുഖത്തിനും പരിക്കേറ്റ 44കാരി ബംഗളൂരുവിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്. സംഭവശേഷം ഭർത്താവ് ഒളിവിലാണ്. ശനിയാഴ്ചയാണ് യുവതി ഇതുസംബന്ധിച്ച് പോലീസിൽ പരാതി നൽകിയത്.
രാത്രി മദ്യംവാങ്ങാൻ ഭർത്താവ് പണം ആവശ്യപ്പെട്ടതായും വിസമ്മതിച്ചപ്പോൾ ഉപദ്രവിക്കാൻ തുടങ്ങിയതായും യുവതി പറഞ്ഞു. ഒടുവിൽ എവിടെനിന്നോ പണം കടംവാങ്ങി മദ്യപിച്ച് വീട്ടിലെത്തി. തുടർന്ന് മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ വയ്ക്കാൻ തുടങ്ങി.
ഫോണിന്റെ ശബ്ദം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടത് തർക്കത്തിലേക്ക് നയിച്ചു. തുടർന്ന് ശൗചാലയത്തിൽ സൂക്ഷിച്ച ആസിഡ് എടുത്ത് പ്രതി ഭാര്യയുടെ തലയിലും മുഖത്തും ഒഴിച്ചു.
യുവതി പൊള്ളലേറ്റ് നിലവിളി തുടങ്ങിയപ്പോൾ ഭർത്താവ് ഓടി രക്ഷപ്പെട്ടു. അയൽവാസികളാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. ഭർത്താവിനെ പിടികൂടാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.