കപ്പൽ അപകടം: എല്ലാ ജീവനക്കാരും സുരക്ഷിതർ; ക്യാപ്റ്റനടക്കം മൂന്നു പേർ കപ്പലിൽ തുടരുന്നു
Sunday, May 25, 2025 7:22 AM IST
കൊച്ചി: അറബിക്കടലിൽ അപകടത്തിൽപ്പെട്ട ചരക്ക് കപ്പലിലെ എല്ലാ ജീവനക്കാരും സുരക്ഷിതരെന്ന് കോസ്റ്റ് ഗാര്‍ഡ്. 24 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നതെന്നും ഇവരെല്ലാം സുരക്ഷിതരാണെന്നും കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.
21 ജീവനക്കാരെ രക്ഷപ്പെടുത്തിയെന്നും ക്യാപ്റ്റനടക്കം മൂന്നു പേര് കപ്പലിൽ തുടരുകയാണെന്നും കോസ്റ്റ് ഗാര്‍ഡ് വ്യക്തമാക്കി.
കപ്പലിന്റെ സ്ഥിരത നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ എയർക്രാഫ്റ്റുകളും കപ്പലുകളും സ്ഥിതിനിരീക്ഷിക്കുന്നുണ്ട്.
ക്യാപ്റ്റൻ, ചീഫ് എൻജിനീയർ, സെക്കൻഡ് എൻജിനീയർ എന്നിവരാണ് കപ്പലിൽ തുടരുന്നത്. ചില കണ്ടെയ്നറുകള്‍ കടലിൽ വീണ സാഹചര്യമാണുള്ളതെന്നും അധികൃതര്‍ അറിയിച്ചു. ചരക്കു കപ്പലിന്റെ ഒരുവശം ചെരിഞ്ഞതിനെത്തുടർന്നാണ് ഒമ്പത് കണ്ടെയ്നനറുകൾ കടലിൽ വീണത്.
അപകടത്തെത്തുടർന്ന് കടലിൽ മറൈൻ ഗ്യാസ് ഓയിൽ പടരാൻ സാധ്യതയുണ്ടെന്നും കണ്ടെയ്നറുകൾ തീരത്തേക്ക് ഒഴുകിയെത്തിയാൽ അടുത്തേക്ക് പോകരുതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
ആലപ്പുഴ, എറണാകുളം തുടങ്ങിയ ജില്ലകളിലെ തീരദേശങ്ങളിലുള്ളവര്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ ജാഗ്രത നിര്‍ദേശം പുറത്തിറക്കി. കണ്ടെയ്നറുകകൾ തീരത്തടിഞ്ഞാൽ സ്പർശിക്കരുതെന്നും വസ്തുക്കൾ ശ്രദ്ധയിൽപ്പെട്ടാൽ പോലീസിനെ അറിയിക്കണമെന്നുമാണ് മുന്നറിയിപ്പ്.
വിഴിഞ്ഞത്തുനിന്ന് നാനൂറോളം കണ്ടെയ്നറുകളുമായി പുറപ്പെട്ട എംഎസ്സി എൽസ 3 എന്ന കപ്പലാണ് അപകടത്തിൽപ്പെട്ടത്. സ്വിറ്റ്സർലൻണ്ടിൽ രജിസ്റ്റർ ചെയ്ത ലൈബീരിയൻ പതാകവഹിക്കുന്ന ഫീഡർ വിഭാഗത്തിലുളള കപ്പലാണിത്. കൊച്ചിയിൽ നിന്ന് 38 നോട്ടിക്കൽ മൈൽ അകലെ അറബിക്കടലിലാണ് അപകടമുണ്ടായത്.