ഷോ പീസാക്കി, ലൈംഗീക തൊഴിലാളിയെപ്പോലെ തോന്നിച്ചു; മിസ് വേള്‍ഡ് മത്സരത്തില്‍ നിന്നും പിന്മാറി മിസ് ഇംഗ്ലണ്ട്
Sunday, May 25, 2025 1:15 AM IST
ഹൈദരാബാദ്: മിസ് വേള്‍ഡ് മത്സരത്തില്‍ നിന്ന് പിന്മാറി മിസ് ഇംഗ്ലണ്ട് മില്ല മാഗി. സംഘാടകര്‍ക്കെതിരേ ഗുരുതരമായ ആരോപണമുയര്‍ത്തിയാണ് മില്ല മാഗി നാട്ടിലേയ്ക്ക് മടങ്ങിയത്.
മത്സരത്തിന്റെ 74 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായിയാണ് മിസ് ഇംഗ്ലണ്ട് കിരീടം നേടിയ മത്സരാര്‍ഥി കിരീടത്തിനായി മത്സരിക്കാതെ പിന്മാറുന്നത്.
ഷോപീസുകളെ പോലെയാണ് മത്സരാര്‍ഥികളെ കൈകാര്യം ചെയ്യുന്നത്. മത്സരാര്‍ഥികളെ വില്പന വസ്തുക്കളായാണ് സംഘാടകര്‍ കരുതുന്നത്. മധ്യവയസ്കരായ സ്പോണ്സര്മാര്ക്ക് ഒപ്പം നന്ദി പ്രകടിപ്പിക്കാനായിരുത്തി എന്നിങ്ങനെയുള്ള ഗുരുതര ആരോപണങ്ങളാണ് മില്ല ഉയര്‍ത്തിയിരിക്കുന്നത്.
സ്പോണ്‍സര്‍മാരെ സന്തോഷിപ്പിക്കാനായി രണ്ട് മത്സരാര്‍ഥികളെ വീതം ഓരോരുത്തരുടെയും കൂടെ ഒരു ഹാളില്‍ ഇരുത്തിയെന്നും രാവിലെ മുതല്‍ രാത്രി വരെ ബോള്‍ ഗൗണും മേക്കപ്പും ധരിക്കണമെന്നും പറഞ്ഞിട്ടുള്ളതായും അവര്‍ വെളിപ്പെടുത്തി.
ബുദ്ധിശക്തി കൂടി അളക്കുന്ന മത്സരമാകുമെന്നാണ് കരുതിയത്, എന്നാല്‍ കളികുരങ്ങിനെ പോലെ ഇരിക്കേണ്ടി വന്നുവെന്നും അവര്‍ പറയുന്നു. വ്യക്തിപരമായി അവിടെ തുടരാന്‍ കഴിയില്ലെന്ന് തോന്നിയതിനാല്‍ ആണ് പിന്മാറുന്നത്.
"ലൈംഗീകതൊഴിലാളിയാണോ എന്നുപോലും തോന്നിപ്പോയി' എന്നും അവര്‍ പറയുന്നു. 'ദ സണ്‍' പത്രത്തിന് നല്കിയ അഭിമുഖത്തിലാണ് ഇതെല്ലാം അവര്‍ വെളിയിരിക്കുന്നത്.
എന്നാല്‍ ആരോപണം നിഷേധിച്ച് സംഘാടകര്‍ രംഗത്തെത്തി. വ്യക്തിപരമായ ആവശ്യങ്ങള്‍ കൊണ്ട് തിരികെ പോകുന്നുവെന്ന് മാത്രമാണ് പറഞ്ഞതെന്നും സംഘാടകര്‍ അറിയിക്കുന്നു.
നിലവില്‍ തെലങ്കാനയില്‍ നടക്കുന്ന മിസ് വേള്‍ഡ് 2025 മത്സരത്തില്‍ നിന്നാണ് മിസ് ഇംഗ്ലണ്ട് 2024 മില്ല പിന്മാറിയത്. ഏഴിന് ഹൈദരാബാദില്‍ എത്തിയ 24 വയസുകാരിയായ മില്ല 16-നാണ് യുകെയിലേക്ക് മടങ്ങിയത്.
ഈ മാസം ഏഴ് മുതല്‍ 31 വരെയാണ് ഹൈദരാബാദില്‍ മിസ് വേള്‍ഡ് മത്സരം നടക്കുന്നത്. 31ന് ഹൈടെക്സ് എക്സിബിഷന് സെന്ററിലാണ് ഫിനാലെ നടക്കുന്നത്.