പ്ലസ് വൺ പ്രവേശനം; ട്രയൽ അലോട്ട്മെന്റ് ഇന്ന്
Saturday, May 24, 2025 5:42 AM IST
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനായുള്ള ട്രയൽ അലോട്ട്മെന്റ് ഇന്ന് വൈകുന്നേരം അഞ്ചിന് പ്രസിദ്ധീകരിക്കും. പ്രോസ്പെക്ടസ് മാനദണ്ഡങ്ങൾ അനുസരിച്ച് സാധുതയുള്ള അപേക്ഷകളും ഓപ്ഷനുകളുമാണ് അലോട്ടമെന്റിനായി പരിഗണിച്ചിട്ടുള്ളത്.
ഹയർസെക്കൻഡറി അഡ്മിഷൻ വെബ്സൈറ്റിൽ പ്രവേശിച്ച് അപേക്ഷകർക്ക് ട്രയൽ റിസൾട്ട് പരിശോധിക്കാം. ട്രയൽ റിസൾട്ട് പരിശോധിക്കുന്നതിന് വേണ്ട സാങ്കേതിക സൗകര്യങ്ങൾ അപേക്ഷകർക്ക് വീടിനടുത്തുള്ള സർക്കാർ എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകളിലെ ഹെൽപ്പ് ഡെസ്കുകളിൽ നിന്നും തേടാം.
മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിൽ പ്രവേശനത്തിന് അപേക്ഷിച്ചവരുടെയും ട്രയൽ അലോട്ടമെന്റും ഇതോടൊപ്പം പ്രസിദ്ധീകരിക്കും. 28ന് വൈകുന്നേരം അഞ്ചുവരെ അപേക്ഷകർക്ക് ട്രയൽ അലോട്ടമെന്റ് ലിസ്റ്റ് പരിശോധിക്കാം.
തിരുത്തലുകൾ ആവശ്യമാണെങ്കിൽ കാൻഡിഡേറ്റ് ലോഗിനിലെ എഡിറ്റ് ആപ്ലിക്കേഷൻ എന്ന ലിങ്കിലൂടെ ആവശ്യമായ തിരുത്തലുകൾ, ഉൾപ്പെടുത്തലുകൾ എന്നിവ 28ന് വൈകുന്നേരം അഞ്ചിനുള്ളിൽ നടത്തി ഫൈനൽ കൺഫർമേഷൻ ചെയ്യണം. തെറ്റായ വിവരങ്ങൾ നൽകി ലഭിക്കുന്ന അലോട്ടമെന്റ് റദ്ദാക്കപ്പെടും.
ജൂൺ രണ്ടിന് ആദ്യ അലോട്ട്മെന്റും പത്തിന് രണ്ടാം അലോട്ട്മെന്റും 16ന് മൂന്നാം അലോട്ട്മെന്റും നടക്കും. തുടർന്ന് 18ന് ക്ലാസുകൾ ആരംഭിക്കും. പിന്നീട് ലഭിക്കുന്ന അപേക്ഷകളനുസരിച്ച് സപ്ലിമെന്ററി അലോട്ട്മെന്റിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തും. ജൂലൈ 23ന് പ്രവേശന നടപടികൾ അവസാനിപ്പിക്കും.