ഇംഗ്ലണ്ട് പര്യടനം; ഇന്ത്യൻ ടീമിനെയും പുതിയ ക്യാപ്റ്റനേയും ഇന്ന് പ്രഖ്യാപിക്കും
Saturday, May 24, 2025 4:23 AM IST
മുംബൈ: ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെയും പുതിയ ടെസ്റ്റ് ക്യാപ്റ്റനേയും ഇന്ന് പ്രഖ്യാപിക്കും. മുംബൈയിലെ ബിസിസിഐ ആസ്ഥാനത്ത് ഉച്ചയ്ക്ക് ഒന്നിനാണ് സെലക്ഷന് കമ്മിറ്റി യോഗം ചേരുക.
നിലവിലെ സൂചനകള്‍ പ്രകാരം യുവതാരം ശുഭ്മന്‍ ഗില്‍ പുതിയ ടെസ്റ്റ് നായകന് ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സീനിയർ താരങ്ങളായ ജസ്പ്രീത് ബുംറയും കെ.എല്‍. രാഹുലും ടീമിലുണ്ടെങ്കിലും ഭാവിലക്ഷ്യമിട്ട് യുവതാരമായ ഗില്ലിന് ചുമതല നല്‍കാനാണ് അജിത് അഗാര്‍ക്കറിന്റെ നേതൃത്വത്തിലുള്ള സെലക്ടര്‍മാരുടെ തീരുമാനം.
ഗില്ല് കഴിഞ്ഞ ദിവസം കോച്ച് ഗൗതം ഗംഭീറുമായി ചർച്ചയും നടത്തിയിരുന്നു. ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കേണ്ടെന്ന് ബുംറ സെലക്ടര്‍മാരെ അറിയിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കോഹ്ലിയുടെ അഭാവത്തിൽ സായ് സുദര്‍ശനോ, കരുണ്‍ നായരോ ടീമിലെത്തിയേക്കും.
ജൂണ്‍ ആറിനാണ് ഇന്ത്യന്‍ ടീം അഞ്ച് ടെസ്റ്റുകളുടെ പരന്പരയ്ക്കായി ഇംഗ്ലണ്ടിലേക്ക് പുറപ്പെടുക. ലീഡ്സില്‍ ജൂണ്‍ ഇരുപതിനാണ് ഒന്നാം ടെസ്റ്റിന് തുടക്കമാവുക.