തിരുവനന്തപുരത്ത് വീട് കുത്തി തുറന്ന് മോഷണം; 15 പവൻ സ്വർണവും നാല് ലക്ഷം രൂപയും കവർന്നു
Friday, May 23, 2025 10:20 PM IST
തിരുവനന്തപുരം: നഗരത്തിലെ ശ്രീകാര്യം കരിയത്ത് വീട് കുത്തി തുറന്ന് മോഷണം. 15 പവൻ സ്വർണവും നാല് ലക്ഷം രൂപയും മോഷണം പോയതായി പരാതി. കേരള സർവകലാശാല മുൻ അസിസ്റ്റന്റ് രജിസ്റ്റർ അനിൽകുമാറിന്റെ കരിയം ആഞ്ജനേയം വീട്ടിലാണ് മോഷണം നടന്നത്.
കഴിഞ്ഞ നാല് ദിവസമായി വീട്ടിൽ ആളില്ലായിരുന്നു. നാല് ദിവസം മുമ്പ് മലേഷ്യയിലേക്ക് യാത്ര പോയ അനിൽകുമാർ രാവിലെ വീട്ടിലെത്തി നോക്കുമ്പോഴായിരുന്നു വീടിന്റെ മുൻവശത്തെ വാതിൽ പൊളിച്ച നിലയിൽ കാണപ്പെട്ടത്.
പിന്നാലെ നടത്തിയ പരിശോധനയിലാണ് പല സ്ഥലങ്ങളിലായി വച്ചിരുന്ന സ്വർണവും പണവും നഷ്ടപ്പെട്ട വിവരം അറിയുന്നത്. അനിൽ കുമാറിന്റെ പരാതിയിൽ ശ്രീകാര്യം പോലീസ് അന്വേഷണം ആരംഭിച്ചു. ഫോറൻസിക് വിരലടയാള വിദഗ്ധരും, ഡോഗ് സ്കോഡും സ്ഥലത്തെത്തി പരിശോധന നടത്തി.