ദേശീയപാത തകർന്ന സംഭവം: ഉത്തരവാദിത്വം കേരള സര്‍ക്കാരിന് തന്നെയാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി
Friday, May 23, 2025 3:46 PM IST
മലപ്പുറം: കൂരിയാട് ദേശീയപാത നിര്‍മാണത്തിനിടെയുണ്ടായ തകര്‍ച്ചയിൽ കേരള സര്‍ക്കാരിനെ കുറ്റപ്പെടുത്തി മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എംഎല്‍എ. നിര്‍മിതിയിലെ ആശങ്ക നേരത്തെ അറിയിച്ചതാണെന്നും ഇപ്പോള്‍ സംഭവിച്ച അപകടത്തിന്റെ ഉത്തരവാദിത്വം കേരള സര്‍ക്കാരിന് തന്നെയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
"വയലില്‍ ഒരു വലിയ മൺതിട്ട കെട്ടി പൊക്കിയിരിക്കുകയാണ്. പാരിസ്ഥിതിക പഠനം ഇല്ലാതെയാണ് റോഡ് നിര്‍മാണം നടത്തിയത്. കൂരിയാട് പാലം വേണമെന്നും അതാണ് ഏക പോംവഴി.'- കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കൂരിയാട് സർവീസ് സ്റ്റേഷന് സമീപം ദേശീയപാതയുടെ ഒരുഭാഗം സർവീസ് റോഡിലേക്ക് ഇടിഞ്ഞുവീണത്. 50 അടി ഉയരത്തിലുള്ള ദേശീയ പാതയാണ് ഇടിഞ്ഞ് വീണത്. സർവീസ് റോഡിലൂടെ യാത്ര ചെയ്തിരുന്ന കാറിന് മുകളിലേക്കാണ് ആറുവരിപ്പാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണത്.
റോഡ് ഇടിഞ്ഞ് വീണ് മൂന്ന് കാറുകളാണ് അപകടത്തിൽ പെട്ടത്. രണ്ട് വാഹനങ്ങളുടെ മുകളിലേക്ക് കല്ലും മണ്ണും പതിച്ചു. ഈ കാറിലെ യാത്രക്കാരായ അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
മണ്ണും കോൺഗ്രീറ്റ് കട്ടയും വന്ന വീണ് സർവ്വീസ് റോഡിൽ വലിയ വിള്ളലുകളുണ്ടായി. സർവ്വീസ് റോഡ് പൂർണ്ണമായും ഇടിഞ്ഞ് താഴുകയും ചെയ്തു. അപകടത്തിന്റെ ആഘാതത്തിൽ റോഡിനോട് ചേർന്നുള്ള വയലിലും വിള്ളലുകൾ രൂപപ്പെട്ടു.