മൂന്ന് വയസുകാരിയെ പുഴയിലെറിഞ്ഞ സംഭവം; അമ്മയെ മൂഴിക്കുളം പാലത്തിലെത്തിച്ച് തെളിവെടുത്തു
Friday, May 23, 2025 1:14 PM IST
കൊച്ചി: ആലുവയില്‍ മൂന്ന് വയസുകാരിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ കുട്ടിയുടെ അമ്മയെ മൂഴിക്കുളം പാലത്തിലെത്തിച്ച് തെളിവെടുത്തു. ഇവിടെനിന്നാണ് കുഞ്ഞിനെ ഇവര്‍ പുഴയിലേക്ക് എറിഞ്ഞത്.
ആറ് മിനിറ്റ് സമയം കൊണ്ട് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം പോലീസ് പ്രതിയുമായി മടങ്ങി. ഇന്ന് രാവിലെ ആലുവ ഡിവൈഎസ്പി അടക്കമുള്ളവര്‍ ചെങ്ങമനാട് പോലീസ് സ്റ്റേഷനിലെത്തി ഇവരെ ചോദ്യം ചെയ്തിരുന്നു.
മൂന്ന് വയസുകാരിയെ പുഴയിൽ എറിഞ്ഞു കൊലപ്പെടുത്തിയത് ഭർത്താവിന്റെ കുടുംബം തന്നെ ഒറ്റപ്പെടുത്തിയത് കൊണ്ടാണെന്നാണ് ഇവരുടെ മൊഴി. കുട്ടിയിൽ നിന്നുപോലും തന്നെ അകറ്റുന്നതായി തോന്നി.
ഭർത്താവ് മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നതായി താൻ അറിഞ്ഞു. തന്നെ ഒഴിവാക്കിയാല്‍ കുട്ടി എങ്ങനെ ജീവിക്കുമെന്ന് ആശങ്കയുണ്ടായി. രണ്ടാമനമ്മയുടെ കീഴില്‍ തന്റെ കുഞ്ഞ് ജീവിക്കുന്നത് ദുഃസ്വപ്നം കണ്ടു. കുഞ്ഞിന്റെ ഭാവിയില്‍ ആശങ്ക ഉണ്ടായതിനാലാണ് കൊലപാതകമെന്നും ഇവർ പോലീസിനോട് പറഞ്ഞു.