എന്ന് മരിക്കുമെന്ന് സുകാന്ത്, ഓഗസ്റ്റ് ഒമ്പതിനെന്ന് യുവതി: ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ നിർണായക തെളിവ്
Friday, May 23, 2025 12:58 PM IST
തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയായിരുന്ന യുവതിയുടെ ആത്മഹത്യയിൽ പ്രതി സുകാന്തിനെതിരെ നിർണായ തെളിവുകളായി ഐഫോണിലെ ചാറ്റുകൾ പോലീസ് കണ്ടെത്തി. നീ എപ്പോള്‍ മരിക്കുമെന്ന് സുകാന്ത് യുവതിയോട് ആവർത്തിച്ചു ചോദിക്കുന്നതും അതിന് ഓഗസ്റ്റ് ഒമ്പതിന് മരിക്കുമെന്ന് യുവതി മറുപടി നല്‍കുന്നതും ചാറ്റിലുണ്ട്.
സുകാന്തിന്റെ ഐഫോണില്‍ ടെലഗ്രാം വഴി നടത്തിയ ചാറ്റുകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. എനിക്ക് നിന്നെ വേണ്ടെന്ന് സുകാന്ത് യുവതിയോട് ചാറ്റില്‍ പറയുന്നു. എനിക്ക് ഭൂമിയില്‍ ജീവിക്കാന്‍ താത്പര്യമില്ലെന്ന് യുവതി മറുപടി നല്കുന്നു. നീ ഒഴിഞ്ഞാലേ എനിക്ക് അവളെ കല്യാണം കഴിക്കാന്‍ പറ്റൂവെന്ന് സുകാന്ത് പറയുന്നു. അതിന് ഞാനെന്ത് ചെയ്യണമെന്ന യുവതിയുടെ ചോദ്യത്തിന് നീ പോയി ചാകണം എന്നായിരുന്നു സുകാന്തിന്റെ മറുപടി.
നീ എന്ന് ചാകുമെന്നും ഇയാള്‍ ചോദിക്കുന്നു. അതിന് തുടക്കത്തില്‍ മറുപടി ലഭിക്കുന്നില്ല. സുകാന്ത് ആവർത്തിച്ച് ഇക്കാര്യം ചോദിച്ചതോടെയാണ് ഓഗസ്റ്റ് ഒമ്പതിന് മരിക്കുമെന്ന് യുവതി മറുപടി നല്‍കിയത്.
സുകാന്തിന്റെ ബന്ധുവിന്റെ മുറിയില്‍ നിന്നാണ് പോലീസിന് ഐഫോണ്‍ ലഭിച്ചത്. ഒളിവില്‍ പോകുന്നതിന് തലേന്ന് ഈ മുറിയില്‍ സുകാന്ത് എത്തിയിരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്. ഫെബ്രുവരി ഒമ്പതിന് നടത്തിയ ചാറ്റിന്റെ വിശദാംശങ്ങളാണ് പോലീസിന് ലഭിച്ചത്. ഈ വിവരങ്ങള്‍ തെളിവുകള്‍ സഹിതം അന്വേഷണ സംഘം മജിസ്ട്രേറ്റ് കോടതിയെ അറിയിച്ചിട്ടുണ്ട്.