ദേശീയപാത തകർന്ന സംഭവം; ഉത്തരവാദിത്വം ദേശീയപാത അഥോറിറ്റിക്കെന്ന് മന്ത്രി റിയാസ്
Friday, May 23, 2025 11:24 AM IST
തിരുവനന്തപുരം: കേരളത്തിലെ ദേശീയപാത നിർമാണത്തിന്റെ പരിപൂർണ ഉത്തരവാദിത്വം ദേശീയപാത അഥോറിറ്റിക്കാണെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. നിലവിലെ പ്രശ്നങ്ങൾ ദേശീയപാത അഥോറിറ്റി കണ്ടെത്തി പരിഹരിക്കണം. തകർച്ചയുടെ പേരിൽ ദേശീയപാതയുടെ നിർമാണം തടയാനുള്ള ഒരു ശ്രമവും സർക്കാർ ചെയ്യില്ലെന്നും മന്ത്രി പ്രതികരിച്ചു.
ഭൂമി ഏറ്റെടുക്കലിലെ പ്രശ്നങ്ങൾ പരിഹരിച്ചത് സംസ്ഥാന സർക്കാരാണ്. ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും കുടുതൽ പണം ഇതിനായി ചെലവഴിച്ചു. എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിയാണ് ദേശീയപാത വികസനം പൂർത്തിയാക്കാൻ കാരണമായത്.
അതേസമയം, ദേശീയപാതയിലെ തകർച്ച കോണ്ഗ്രസ് ആഹ്ലാദമാക്കുകയാണ്. കേരളത്തിന്റെ താത്പര്യങ്ങൾക്ക് വിരുദ്ധമായ നിലപാടാണ് യുഡിഎഫ് സ്വീകരിക്കുന്നത്. ഇനിയും അവർ പ്രതിപക്ഷത്തിരിക്കേണ്ടിവരും.
സർക്കാർ ചെയ്യുന്ന കാര്യങ്ങൾ ജനങ്ങളിലേക്കെത്തിക്കാനാണ് റീൽസ് ചെയ്യുന്നത്. അത് ഇനിയും തുടരുമെന്നും മന്ത്രി പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
അതേസമയം, കേരളത്തിൽ പലയിടങ്ങളിലും ദേശീയപാത തകർന്ന സംഭവം അതീവ ഗൗരവത്തിലാണു കേന്ദ്രം കാണുന്നത്. വിഷയം അവലോകനം ചെയ്യാൻ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഉദ്യോഗസ്ഥരുടെയും വിദഗ്ധരുടെയും അടിയന്തര യോഗം വിളിച്ചു. വീഴ്ച ഉണ്ടായ എല്ലാ സ്ഥലങ്ങളുടെയും റിപ്പോർട്ട് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതൽ നടപടിക്ക് സാധ്യതയുണ്ടെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.