സീരിയൽ നടിയെ ബലാത്സംഗം ചെയ്തു, രണ്ട് തവണ ഗർഭം അലസിപ്പിച്ചു; നടൻ അറസ്റ്റിൽ
Friday, May 23, 2025 9:43 AM IST
ബംഗളൂരു: സീരിയൽ നടിയെ ബലാത്സംഗം ചെയ്ത കേസിൽ നടൻ അറസ്റ്റിൽ. പ്രശസ്ത കന്നഡ നടനും കോമഡി ഖിലാഡിഗലി സീസൺ 2 വിജയിയുമായ മദേനൂർ മനുവാണ് അറസ്റ്റിലായത്.
ബലാത്സംഗം, വഞ്ചന, ശാരീരിക പീഡനം, വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് നടനെ അറസ്റ്റ് ചെയ്തത്.
2022 നവംബറിൽ ശിവമൊഗയിലെ ശിക്കാരിപുരയിലേക്കുള്ള യാത്രയ്ക്കിടെ നടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. 2018 ൽ റിയാലിറ്റി ഷോയിൽ പങ്കെടുക്കവേയാണ് നടി മനുവിനെ കണ്ടുമുട്ടിയത്. തുടർന്ന് ഇരുവരും തമ്മിൽ സൗഹൃദത്തിലായി.
ഷോ ചെയ്തതിന്റെ ശമ്പളം നൽകാമെന്ന് പറഞ്ഞ് മനു തന്നെ ഹോട്ടൽ മുറിയിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നാണ് പരാതിയിലുള്ളത്. പിന്നീട് ഇയാൾ തന്നെ വീട്ടിൽക്കൊണ്ടുപോയി പീഡിപ്പിച്ചെന്നും നടി പരാതി ഉന്നയിച്ചു.
താൻ രണ്ടുതവണ ഗർഭിണിയായെന്നും രണ്ട് തവണയും മനു ഗർഭഛിദ്ര ഗുളികകൾ നൽകിയെന്നും അതിജീവിത ആരോപിക്കുന്നു. തന്റെ സ്വകാര്യ വീഡിയോകൾ സമ്മതമില്ലാതെ പകർത്തി എന്നും, മിണ്ടാതിരിക്കാൻ ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.