മുഖ്യമന്ത്രി ഇടപെട്ടു; മിൽമ ജീവനക്കാരുടെ പണിമുടക്ക് പിൻവലിച്ചു
Thursday, May 22, 2025 10:39 PM IST
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലിനെ തുടർന്ന് മിൽമ ജീവനക്കാർ നടത്തിയ പണിമുടക്ക് പിൻവലിച്ചു. മറ്റന്നാൾ മന്ത്രി തല ചർച്ച നടക്കും. തൊഴിൽ, ക്ഷീര വികസന മന്ത്രിമാർ സമരം ചെയ്ത ജീവനക്കാരുടെ സംഘടനകളുമായി ചർച്ച നടത്തും.
സംയുക്ത യൂണിയനുകളുടെ പണിമുടക്കിനെ തുടർന്ന് തിരുവനന്തപുരം മിൽമ മേഖലക്ക് കീഴിലുള്ള തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിൽ മിൽമ പാൽ വിതരണം തടസപ്പെട്ടിരുന്നു. ഐഎൻടിയുസിയും സിഐടിയുവും സംയുക്തമായാണ് പണിമുടക്കിയത്.
സർവീസിൽ നിന്ന് വിരമിച്ച ഡോ.പി. മുരളിയെ മാനേജിംഗ് ഡയറക്ടറായി വീണ്ടും നിയമിച്ചതിൽ പ്രതിഷേധിച്ചായിരുന്നു സമരം. കേരള സഹകരണ സംഘം നിയമങ്ങൾ അട്ടിമറിച്ചാണ് ഈ നിയമനം എന്നാണ് ജീവനക്കാരുടെ ആരോപണം.