ദൈവദാസൻ മാർ മാക്കീൽ ഉൾപ്പെടെ മൂന്നുപേർ ധന്യപദവിയിലേക്ക്
Thursday, May 22, 2025 9:08 PM IST
വത്തിക്കാൻ സിറ്റി: ദൈവദാസരായ ബിഷപ് മാത്യു മാക്കീൽ, ബിഷപ് അലെസ്സാന്ദ്രോ ലബാക്ക ഉഗാർത്തെ, സിസ്റ്റർ അഞ്ഞേസെ അറാങ്കോ വെലാസ്കസ് എന്നിവരുടെ നാമകരണച്ചടങ്ങുകൾക്കുള്ള ഡിക്രി പ്രസിദ്ധീകരിച്ചു. മൂന്നു ധന്യാത്മാക്കളുടെ വീരോചിത സുകൃതങ്ങൾക്ക് ലെയോ പതിനാലാമൻ മാർപാപ്പയുടെ അനുവാദം ലഭിച്ചു.
ഇതോടെയാണ് വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയുടെ അധ്യക്ഷൻ കർദിനാൾ മാർസെല്ലോ സെമെറാറോ അംഗീകരിച്ച് ഡിക്രി പ്രസിദ്ധീകരിച്ചത്. 1889 മുതൽ കോട്ടയം വികാരിയാത്തിൽ തെക്കുംഭാഗക്കാർക്കായുള്ള വികാരി ജനറാളായിരുന്നു ബിഷപ് മാത്യു മാക്കീൽ.
തുടർന്ന് 1896 മുതൽ ചങ്ങനാശേരിയുടെയും 1911ൽ ക്നാനായ കത്തോലിക്കാർക്കായി സ്ഥാപിക്കപ്പെട്ട കോട്ടയത്തിന്റെയും പ്രഥമ തദ്ദേശീയ അപ്പസ്തോലിക വികാരിയായിരുന്നു ദൈവദാസൻ ബിഷപ് മാർ മാത്യു മാക്കീൽ. കോട്ടയം അതിരൂപതയിലെ വിസിറ്റേഷൻ സന്ന്യാസിനീ സമൂഹത്തിന്റെ സ്ഥാപകൻകൂടിയാണ് മാർ മാത്യു മാക്കീൽ.
1851 മാർച്ച് 27 ന് കോട്ടയത്തിനടുത്തുള്ള മാഞ്ഞൂരിൽ ജനിച്ച അദ്ദേഹം 1914 ജനുവരി 26ന് കോട്ടയത്തുവച്ചാണ് ദിവംഗതനായത്. എടയ്ക്കാട്ട് സെന്റ് ജോർജ് ഫൊറോന പള്ളിയിലാണ് കബറിടം സ്ഥിതിചെയ്യുന്നത്.
മതാധ്യാപനം, വിദ്യാഭ്യാസം, സമർപ്പിതജീവിതത്തിലേക്കുള്ള വിളി എന്നിവ പ്രോത്സാഹിപ്പിക്കുക, മതാത്മകജീവിതം പ്രോത്സാഹിപ്പിക്കുന്ന സംഘടനകൾ വളർത്തുക, ദാരിദ്ര്യത്തിനെതിരായ പോരാട്ടം നടത്തുക തുടങ്ങിയ മേഖലകളിൽ വലിയ സംഭാവനകൾ നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
സ്പെയിനിലെ ബെയ്സാമയിൽ 1920 ഏപ്രിൽ 19ന് ജനിച്ച മാനുവൽ എന്ന ദൈവദാസൻ ബിഷപ് അലെസാൻദ്രോ ലബാക്ക ഉഗാർത്തെ 1987 ജൂലൈ 21ന് ഇക്വഡോറിലെ തിഗ്വിനോ പ്രദേശത്താണു ദിവംഗതനായത്. ഓർഡർ ഓഫ് ഫ്രയേഴ്സ് മൈനർ കപ്പൂച്ചിൻ സന്യാസസഭംഗമായിരുന്ന അദ്ദേഹം പൊമാറിയയുടെ സ്ഥാനിക മെത്രാനും അഗ്വാറികോയുടെ അപ്പസ്തോലിക വികാരിയുമായിരുന്നു.
കൊളംബിയയിലെ മെദലീനിൽ 1937 ഏപ്രിൽ ആറിനു ജനിച്ച മരിയ ന്യേവസ് ദേ മെദലീൻ എന്ന ദൈവദാസി സിസ്റ്റർ അഞ്ഞേസെ അറാങ്കോ വെലാസ്കസ് തിരുക്കുടുംബത്തിന്റെ കപ്പൂച്ചിൻ മൂന്നാം സഭയെന്ന കോൺഗ്രിഗേഷനിലെ അംഗമായിരുന്നു. 1987 ജൂലൈ 21ന് ഇക്വഡോറിലെ തിഗ്വിനോ പ്രദേശത്താണു മരിച്ചത്.