യുഎസിൽ ജൂത മ്യൂസിയത്തിന് സമീപം വെടിവയ്പ്പ്; രണ്ട് ഇസ്രയേല്‍ എംബസി ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു
Thursday, May 22, 2025 12:40 PM IST
വാഷിംഗ്ടൺ: യുഎസിലെ വാഷിംഗ്ടണിൽ ജൂത മ്യൂസിയത്തിന് സമീപമുണ്ടായ വെടിവയ്പ്പിൽ രണ്ട് ഇസ്രായേല്‍ എംബസി ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ബുധനാഴ്ച രാത്രി പ്രാദേശിക സമയം ഒമ്പതോടെയാണ് വെടിവയ്പ്പുണ്ടായത്. ജൂത മ്യൂസിയത്തിനകത്തുനടന്ന പരിപാടിയിൽ പങ്കെടുത്ത് മടങ്ങിയവർക്കു നേരെയായിരുന്നു ആക്രമണമെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.
വളരെ അടുത്തു നിന്നാണ് അക്രമികൾ ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർത്തതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ ഒരാൾ പിടിയിലായി. ഇയാൾ ഫ്രീ പലസ്തീൻ എന്ന മുദ്രാവാക്യം വിളിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. രക്ഷപ്പെട്ട അക്രമിക്കായി തിരച്ചിൽ ഊർജിതമാക്കി.
അതേസമയം സെമിറ്റിക് വിരുദ്ധ ഭീകരവാദമാണ് സംഭവത്തിന് പിന്നിലെന്ന് യുഎന്നിലെ ഇസ്രയേൽ അംബാസഡർ ഡാനി ഡാനൻ വ്യക്തമാക്കി. സാഹചര്യം വിലയിരുത്തി കൂടുതല്‍ അന്വേഷണം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇരകളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. വിവാഹിതരാകാൻ തീരുമാനിച്ച രണ്ട് പങ്കാളികളാണ് കൊല്ലപ്പെട്ടതെന്ന് യുഎസിലെ ഇസ്രയേൽ അംബാസഡർ യെച്ചീൽ ലീറ്റർ പറഞ്ഞു.