ഷിരൂർ മണ്ണിടിച്ചില്‍ ദുരന്തം അതിജീവിച്ചയാള്‍ ഇടിമിന്നലേറ്റ് മരിച്ചു
Wednesday, May 21, 2025 7:47 AM IST
മംഗളൂരു: കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചില്‍ ദുരന്തം അതിജീവിച്ചയാള്‍ ഇടിമിന്നലേറ്റ് മരിച്ചു. അങ്കോള സ്വദേശി തമ്മാണി അനന്ത് ഗൗഡ(65)ആണ് മരിച്ചത്.
വീടിന്റെ മേല്‍ക്കൂരയുടെ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ഇയാൾക്ക് ഇടിമിന്നലേല്‍ക്കുകയായിരുന്നു. ഉടനെ അങ്കോള താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു.
കഴിഞ്ഞ വര്‍ഷം ജൂലൈ 16-നായിരുന്നു ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായത്. കരകവിഞ്ഞൊഴുകിയ ഗംഗാവലി പുഴ തമ്മാണിയുടെ വീട്ടിലേയ്ക്ക് ഇരച്ചുകയറിയിരുന്നു. അന്ന് അതിസാഹസികമായായിരുന്നു ഇയാൾ രക്ഷപ്പെട്ടത്.
ഷിരൂരില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവര്‍ അര്‍ജുനും അകപ്പെട്ടിരുന്നു. ആഴ്ചകളോളം നീണ്ട ദുർഘടമായ രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ് അർജുന്റെ മൃതദേഹം കണ്ടെത്തിയത്.