തൃശൂർ പാത്രമംഗലത്ത് കൗമാരക്കാരൻ കുളത്തില്‍ മുങ്ങിമരിച്ചു
Tuesday, May 20, 2025 11:50 PM IST
തൃശൂര്‍: പാത്രമംഗലത്ത് പതിനഞ്ചുകാരന് കുളത്തില്‍ മുങ്ങിമരിച്ചു. കുന്നംകുളം ചെറുവത്തൂര്‍ സ്വദേശി സുനോജിന്റെ മകന് അദ്വൈതാണ് മരിച്ചത്.
ഇന്ന് വൈകുന്നേരം നാലരയ്ക്കും അഞ്ചുമണിക്കും ഇടയിലാണ് ദാരുണമായ സംഭവം ഉണ്ടായത്. കുട്ടികളോടൊപ്പം കളിക്കവെ കുളത്തിലിറങ്ങിയ കുട്ടി വെള്ളത്തില്‍ താഴ്ന്ന് പോവുകയായിരുന്നു.
അവധിക്കാലം പ്രമാണിച്ച് ബന്ധുവീട്ടിലെത്തിയ കുട്ടി കൂട്ടുകാരോടൊത്താണ് പാടത്തേക്ക് കളിക്കാന്‍ പോയത്. കളിക്കാനായി അവിടെയുണ്ടായിരുന്ന കുളത്തിലേക്ക് ഇറങ്ങിയ അദ്വൈത് വെള്ളത്തില്‍ മുങ്ങിപ്പോവുകയായിരുന്നു.
കൂടെ ഉണ്ടായിരുന്ന കുട്ടികളാണ് നാട്ടുകാരെ വിവരമറിയിച്ചത്. ഇവര്‍ സ്ഥലത്തെത്തി ഉടന്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.അര മണിക്കൂറോളം പ്രയത്നിച്ച ശേഷമാണ് കുട്ടിയെ കരയ്ക്ക് കയറ്റാന്‍ സാധിച്ചത്. ഉടന്‍തന്നെ മുളംകുന്നത്തുകാവ് മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു