കനത്ത മഴ: കർണാടകയിൽ സമ്പൂർണ റെഡ് അലർട്ട് പ്രഖ്യാപിച്ചു
Tuesday, May 20, 2025 10:13 PM IST
ബംഗളൂരു: കനത്ത മഴയെ തുടർന്ന് കർണാടകയിൽ സമ്പൂർണ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അടുത്ത രണ്ട് ദിവസം സംസ്ഥാനത്തെ എല്ലാ ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്താകെ അതിതീവ്ര മഴ കനത്ത നാശം വിതയ്ക്കുന്ന പശ്ചാത്തലത്തിലാണ് സമ്പൂർണ റെഡ് അലർട്ട് പ്രഖ്യാപിച്ചത്.
ബംഗളുരുവിൽ അടക്കം അടുത്ത രണ്ട് ദിവസം കനത്ത മഴ തുടരുമെന്നാണ് പ്രവചനം. കനത്ത മഴ തുടരുന്ന ബെംഗളൂരുവിലട ജന ജീവിതം ദുരിതമയമായി. ഇലക്ട്രോണിക് സിറ്റി അടക്കമുള്ള നഗരങ്ങളിലെ പ്രധാന മേഖലകളിലെല്ലാം വലിയ വെള്ളക്കെട്ടും ഗതാഗതക്കുരുക്കുമാണ്. തിങ്കളാഴ്ച മാത്രം നഗരത്തിൽ മഴക്കെടുതിയിൽ മൂന്ന് പേർക്കാണ് ജീവൻ നഷ്ടമായത്.
മഴക്കാലപൂർവശുചീകരണം കൃത്യമായി നടപ്പാക്കാത്തതിനും റോഡുകളിലെ കുഴികൾ നന്നാക്കാത്തതിനും കർണാടക സർക്കാരിനെതിരെ ജനരോഷം ശക്തമാണ്. മഴക്കെടുതിയുടെ പ്രശ്നങ്ങൾ പരിഹരിക്കാനോ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനോ ഇന്ന് ബംഗളുരു നഗരത്തിൽ ഒരു മന്ത്രിപോലും ഉണ്ടായിരുന്നില്ല.
എല്ലാവരും വിജയനഗരയിൽ സംസ്ഥാനസർക്കാരിന്റെ രണ്ടാം വാർഷികാഘോഷ പരിപാടിയിലായിരുന്നു. നഗരത്തിലെ പലയിടങ്ങളിലും കുഴികൾ നികത്താത്തതും ഓടകൾ നന്നാക്കാത്തതും ജനങ്ങളുടെ ദുരിതം കൂട്ടിയതായി ആരോപണമുയരുന്നു.