വെടിക്കെട്ട് ബാറ്റിംഗുമായി ആയുഷും ബ്രെവിസും; ചെന്നൈയ്ക്ക് മികച്ച സ്കോർ
Tuesday, May 20, 2025 9:23 PM IST
ന്യൂഡൽഹി: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിന് മികച്ച സ്കോർ. 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 187 റൺസാണ് ചെന്നൈ എടുത്തത്.
ആയുഷ് മാത്രെയുടെയും ഡിവാൾഡ് ബ്രെവിസിന്റെയും വെടിക്കെട്ട് ബാറ്റിംഗിന്റെയും ശിവം ദുബെയുടെ മികച്ച ഇന്നിംഗ്സിന്റെയും മികവിലാണ് ചെന്നൈ മികച്ച സ്കോർ പടുത്തുയർത്തിയത്. 43 റൺസെടുത്ത ആയുഷാണ് ചെന്നൈയുടെ ടോപ്സ്കോറർ. 20 പന്തിൽ എട്ട് ബൗണ്ടറിയും ഒരു സിക്സും അടങ്ങുന്നതായിരുന്നു ആയുഷിന്റെ ഇന്നിംഗ്സ്.
ബ്രെവിസ് 42 റൺസാണ് സ്കോർ ചെയ്തത്. 25 പന്തിൽ നിന്നാണ് ബ്രെവിസ് 42 റൺസെടുത്തത്. രണ്ട് ഫോറും മൂന്ന് സിക്സും ബ്രെവിസിന്റെ ഇന്നിംഗ്സിൽ ഉണ്ട്. ശിവം ദുബെ 39 റൺസാണ് എടുത്തത്.
രാജസ്ഥാന് വേണ്ടി യുധ്വിർ സിംഗും ആകാശ് മധ്വാളും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. തുഷാർ ദേശ്പാണ്ഡെയും വനിന്ദു ഹസരങ്കയും ഓരോ വിക്കറ്റ് വീതം എടുത്തു.