ബംഗളൂരുവിൽ കനത്ത മഴ; റോയൽ ചലഞ്ചേഴ്സ്-സൺറൈസേഴ്സ് മത്സരം ലക്നോവിലേക്ക് മാറ്റി
Tuesday, May 20, 2025 6:30 PM IST
ബംഗളൂരു: ബംഗളൂരുവിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മേയ് 23ന് ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്ന റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു - സൺറൈസേഴ്സ് ഹൈദരാബാദ് മത്സരം ലക്നോവിലേക്ക് മാറ്റി.
ഇതോടെ ആർസിബിക്ക് അവസാന രണ്ട് ലീഗ് മത്സരങ്ങൾ ലക്നോവിൽ കളിക്കേണ്ടി വരും. മേയ് 27ന് ഏകാന സ്റ്റേഡിയത്തിൽ ലക്നൗ സൂപ്പർ ജയന്റ്സാണ് ബംഗളൂരുവിന്റെ എതിരാളികൾ.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബെംഗളൂരുവിൽ ശക്തമായ മഴയാണ് ലഭിച്ചത്. ബെംഗളൂരുവിൽ ഈ വർഷത്തെ ഏറ്റവും ശക്തമെന്ന് വിശേഷിപ്പിക്കപ്പെടുന്ന മഴയെത്തുടർന്ന് നഗരത്തിലെ പല ഭാഗങ്ങളിലും രൂക്ഷമായ വെള്ളക്കെട്ടുണ്ടായി. ബംഗളൂരുവിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
മേയ് 17 ന് ബെംഗളൂരുവിൽ നടക്കേണ്ടിയിരുന്ന മത്സരം ഒരു പന്ത് പോലും എറിയാൻ കഴിയാതെ ഉപേക്ഷിക്കേണ്ടി വന്നിരുന്നു. അടുത്ത കുറച്ച് ദിവസങ്ങളിൽ നഗരത്തിൽ കൂടുതൽ മഴ പ്രതീക്ഷിക്കുന്നതിനാൽ മത്സരം ബംഗളൂരുവിൽ നിന്ന് ലക്നൗവിലേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു.