സുവർണക്ഷേത്രം ആക്രമിക്കാനും പാക് ശ്രമം; പരാജയപ്പെടുത്തി ഇന്ത്യൻ സൈന്യം
Monday, May 19, 2025 3:07 PM IST
ന്യൂഡൽഹി: പഹല്‍ഗാം ഭീകരാക്രണത്തിന് ഇന്ത്യ തിരിച്ചടി നല്‍കിയതിന് പിന്നാലെ പാക് സൈന്യം അമൃത്സറിലെ സുവര്‍ണ ക്ഷേത്രവും ആക്രമിക്കാന്‍ ശ്രമിച്ചെന്ന് സ്ഥിരീകരിച്ച് സൈന്യം. ഇന്ത്യയുടെ ശക്തമായ പ്രതിരോധ സംവിധാനം പാക്കിസ്ഥാൻ അയച്ച ഡ്രോണുകളും മിസൈലുകളും തകർത്തെന്ന് കരസേന മേജർ ജനറൽ കാർത്തിക് സി.ശേഷാദ്രി പറഞ്ഞു.
മേയ് എട്ടിന് പുലര്‍ച്ചെയായിരുന്നു സംഭവം. ഇരുട്ടിന്റെ മറവില്‍ പാക്കിസ്ഥാന് ദീര്‍ഘദൂര മിസൈലുകളും ഡ്രോണുകളും ക്ഷേത്രം ലക്ഷ്യമാക്കി തൊടുത്തു. എന്നാല്‍, ഇന്ത്യന്‍ സൈന്യം അവയെല്ലാം ഫലപ്രദമായി പ്രതിരോധിച്ചെന്ന് അദ്ദേഹം അറിയിച്ചു.
പാക്കിസ്ഥാന് നിയമപരമോ നീതിപൂര്‍വമോ ആയ ലക്ഷ്യങ്ങളൊന്നുമുണ്ടായിരുന്നില്ല. ഇന്ത്യയിലെ സൈനിക കേന്ദ്രങ്ങള്‍, സിവിലിയന്‍, മത കേന്ദ്രങ്ങള്‍ തുടങ്ങിയവ ആക്രമിക്കുമെന്ന് തങ്ങള്‍ മുന്‍കൂട്ടിക്കണ്ടു. അതില്‍ ഏറ്റവും പ്രധാനമായിരുന്നു സുവര്‍ണക്ഷേത്രം.
ക്ഷേത്രം സംരക്ഷിക്കുന്നതിനായി പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഒരു വ്യോമ കവചം തീര്‍ത്തിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാക് ആക്രമണങ്ങളെ എങ്ങനെയാണ് പ്രതിരോധിച്ചതെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങളും സൈന്യം പുറത്തുവിട്ടു.