എസ്ഐയെ സസ്പെൻഡ് ചെയ്തതിൽ സന്തോഷം; മറ്റു രണ്ടു പേർക്കെതിരേയും നടപടി വേണം: ബിന്ദു
Monday, May 19, 2025 2:39 PM IST
തിരുവനന്തപുരം: മോഷണക്കുറ്റം ആരോപിച്ച് തന്നെ പോലീസ് സ്റ്റേഷനിൽ മാനസിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ പേരൂർക്കട എസ്ഐ പ്രസാദിനെ സസ്പെൻഡ് ചെയ്ത നടപടിയിൽ സന്തോഷമുണ്ടെന്ന് ബിന്ദു.
സംഭവത്തിൽ തന്നോട് ക്രൂരമായി പെരുമാറിയ മറ്റു രണ്ടു പോലീസുകാർക്കെതിരേയും നടപടി വേണമെന്നും തനിക്ക് നീതി കിട്ടണമെന്നും ബിന്ദു മാധ്യമങ്ങൾക്കു മുന്നിൽ പ്രതികരിച്ചു.
അതിലൊരാൾ പ്രസന്നൻ എന്ന ഉദ്യോഗസ്ഥനാണ്. മറ്റൊരാളുടെ പേര് തനിക്കറിയില്ല. തന്നെ ആത്മഹത്യയുടെ വക്കിലേക്ക് വരെ എത്തിച്ചത് പ്രസന്നൻ ആണ്. കുടിക്കാൻ വെള്ളം ചോദിച്ചപ്പോൾ ബാത്റൂമിൽ ബക്കറ്റിലുണ്ട് എന്ന് പറഞ്ഞു. താൻ ബാത്റൂമിൽ പോയെങ്കിലും കുടിക്കാതെ തിരിച്ചുവന്നെന്നും പൊട്ടിക്കരഞ്ഞു കൊണ്ട് ബിന്ദു പറഞ്ഞു.