തരൂർ ബിജെപിയിലേക്കു പോകുമെന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാനാകില്ല: പി.ജെ. കുര്യൻ
Monday, May 19, 2025 12:52 PM IST
തിരുവനന്തപുരം: വിദേശ രാജ്യങ്ങളിലേക്കുള്ള സർവകക്ഷി പ്രതിനിധി സംഘത്തിലേക്കുള്ള കേന്ദ്രസർക്കാരിന്റെ ക്ഷണം ശശി തരൂർ സ്വീകരിച്ചത് തെറ്റായിപ്പോയെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ. കുര്യൻ. തരൂർ ഇക്കാര്യത്തിൽ പാർട്ടിയുടെ അനുവാദം വാങ്ങണമായിരുന്നെന്ന് പി.ജെ.കുര്യൻ പറഞ്ഞു.
എത്ര വലിയ വിശ്വപൗരൻ ആണെങ്കിലും തരൂരിനെ എംപി ആക്കിയത് കോണ്‍ഗ്രസാണ്. ഇത് തരൂർ മറക്കരുത്. ശശി തരൂർ സാമാന്യ മര്യാദ കാട്ടണമായിരുന്നു. അല്ലെങ്കിൽ തരൂർ സ്വതന്ത്രനായി മത്സരിക്കണമായിരുന്നു.
നരേന്ദ്ര മോദി ചെയ്യുന്ന നല്ല കാര്യങ്ങളെ അനുകൂലിച്ച് സംസാരിക്കുന്നത് പോലെ മോദി ചെയ്യുന്ന തെറ്റായ കാര്യങ്ങളും പറയണം. തരൂർ ബിജെപിയിലേക്ക് പോകുമെന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാനാകില്ല.
വിദേശ പ്രതിനിധി സംഘത്തിൽ ഉൾപ്പെടാൻ തരൂർ യോഗ്യനാണ്. തരൂർ വിഷയത്തിൽ പാർട്ടി കേന്ദ്ര നേതൃത്വം ഇടപെട്ട് വിവാദം അവസാനിപ്പിക്കണമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.