കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം; ഒരാൾ കസ്റ്റഡിയിൽ
Sunday, May 18, 2025 10:28 AM IST
കോഴിക്കോട്: കൊടുവള്ളി കിഴക്കോത്ത് യുവാവിനെ വീട്ടില്‍നിന്നും തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഒരാള്‍ പോലീസ് കസ്റ്റഡിയില്‍. തട്ടിക്കൊണ്ടു പോയ സംഘം ഉപയോഗിച്ച ബൈക്കിന്റെ ഉടമയാണ് പോലീസ് കസ്റ്റഡിയിലുള്ളത്.
യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘം അഞ്ച് ദിവസം മുന്‍പ് പരപ്പാറ അങ്ങാടിയില്‍ എത്തിയ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു.
പരപ്പാറ ആയിക്കോട്ടില്‍ റഷീദിന്റെ മകന് അനൂസ് റോഷനെ(21)യാണ് കഴിഞ്ഞദിവസം ആയുധങ്ങളുമായി കാറില്‍ എത്തിയ സംഘം വീട്ടില്‍നിന്നും തട്ടിക്കൊണ്ടുപോയത്. യുവാവിനെ കണ്ടെത്താനായി സിസിടിവി കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
അനൂസിന്റെ സഹോദരനുമായുള്ള സാമ്പത്തിക ഇടപാടാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് സൂചന. ശനിയാഴ്ച വൈകുന്നേരം നാലിനാണ് ഒരു സംഘം യുവാവിനെ വീട്ടില്‍ കയറി ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടുപോയത്.
ആദ്യം രണ്ടു പേര് ബൈക്കിലെത്തി. പിന്നാലെ കാറില്‍ എത്തിയവരും ഉള്‍പ്പെടെ ആദ്യം അനൂസ് റോഷന്റെ പിതാവിനെ ബലം പ്രയോഗിച്ച് കാറില്‍ കയറ്റാന്‍ ശ്രമിച്ചു. ഇത് തടയാന്‍ ശ്രമിച്ച അനൂസിനെ കാറില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു.
അനൂസിനെ തട്ടിക്കൊണ്ടുപോകാനെത്തിയ സംഘം നേരത്തെയും സംഭവ സ്ഥലത്തെത്തിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഘം കൊടുവള്ളി പരപ്പാറയില്‍ എത്തിയത്.
കാറിലെത്തിയ സംഘം പ്രദേശത്ത് കുറച്ച് സമയം ചെലവഴിക്കുന്നതും നാട്ടുകാരനുമായി സംസാരിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തട്ടിക്കൊണ്ടുപോയ അനൂസ് റോഷന്റെ സഹോദരന് അജ്മല്‍ റോഷന് വിദേശത്തായിരുന്നു.