ബംഗളൂരുവിൽ മഴ; ആർസിബി-കെകെആർ മത്സരത്തിന്റെ ടോസ് വൈകുന്നു
Saturday, May 17, 2025 7:15 PM IST
ബംഗളൂരു: ഐപിഎല്ലിലെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു- കോൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തിന്റെ ടോസ് വൈകുന്നു. ബംഗളൂരുവിൽ മഴ പെയ്യുന്നതിനാലാണ് ടോസ് വൈകുന്നത്.
പ്ലേ ഓഫ് ലക്ഷ്യമിട്ടുള്ള പോരാട്ടത്തിൽ സജീവമായി തുടരണമെങ്കിൽ നിലവിലെ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് അവശേഷിക്കുന്ന എല്ലാ മത്സരങ്ങളിലും ജയിക്കേണ്ട സ്ഥിതിയാണുള്ളത്. കൊൽക്കത്തയെ സംബന്ധിച്ചിടത്തോളം ഇന്ന് ബെംഗളൂരുവിനെതിരായ മത്സരം ഏറെ നിർണായകമാണ്.
ബംഗളൂരുവിലെ മത്സരത്തെ മഴ ബാധിക്കാനുള്ള സാധ്യത ശക്തമായതിനാൽ കൊൽക്കത്തയുടെ പ്രതീക്ഷകൾക്ക് മങ്ങലേറ്റേക്കും. മഴ കാരണം മത്സരം ഉപേക്ഷിക്കേണ്ടി വന്നാൽ കൊൽക്കത്ത ടൂര്‍ണമെന്റിൽ നിന്ന് പുറത്താകും. അങ്ങനെയെങ്കിൽ ചെന്നൈ സൂപ്പര്‍ കിംഗ്സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, രാജസ്ഥാന് റോയല്‍സ് എന്നിവര്‍ക്കൊപ്പം പ്ലേ ഓഫ് കാണാതെ പുറത്താകുന്ന നാലാമത്തെ ടീമായി കൊൽക്കത്ത മാറും.
ഇതുവരെ കളിച്ച 12 മത്സരങ്ങളില്‍ അഞ്ച് ജയവുമായി കൊല്‍ക്കത്ത ആറാം സ്ഥാനത്താണ്. മറുഭാഗത്ത്, ഇന്നത്തെ മത്സരം ഉപേക്ഷിച്ചാല്‍ ബെംഗളൂരുവിന് ഒരു പോയിന്റ് ലഭിക്കുകയും വീണ്ടും പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് എത്തുകയും ചെയ്യും. എന്നാൽ, പ്ലേ ഓഫ് ഉറപ്പിക്കാന്‍ കഴിയില്ല. ആദ്യ നാലില്‍ ഔദ്യോഗികമായി സ്ഥാനം ഉറപ്പിക്കാന്‍ ബെംഗളൂരുവിന് ഇനിയും ഒരു വിജയം ആവശ്യമാണ്.