അന്യായമായി തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു; വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കേസ്
Friday, May 16, 2025 10:38 PM IST
പത്തനംതിട്ട: കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ സംഭവത്തില്‍ ആറ് തൊഴിലാളികളെ അന്യായമായി കസ്റ്റഡിയിലെടുത്ത പാടം ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ പോലീസ് കേസെടുത്തു. കണ്ടാൽ അറിയാവുന്ന മൂന്ന് വനപാലകർക്കെതിരെയാണ് കൂടൽ പോലീസ് കേസെടുത്തത്.
പശ്ചിമബംഗാൾ സ്വദേശി സെന്തു മണ്ഡൽ നൽകിയ പരാതിയിലാണ് നടപടി. മണിക്കൂറുകൾ തടഞ്ഞുവെച്ചത് കാരണം ആറര ടൺ കൈതച്ചക്ക നശിച്ചെന്നും രണ്ട് ലക്ഷം രൂപ നഷ്ടമുണ്ടായെന്നും പരാതിയിൽ പറയുന്നു. ഈ കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചയാളെയാണ് കെ.യു.ജനീഷ് കുമാർ എംഎൽഎ ബലമായി മോചിപ്പിച്ചത്.
ഈ കേസിൽ എംഎൽഎയ്ക്കെതിരെ കേസെടുത്തതിന് പിന്നാലെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെയും കേസെടുത്തത്. എന്നാല്‍ ആന ചരിഞ്ഞതുമായി ബന്ധപ്പെട്ട് വനം വകുപ്പ് ഉദ്യോഗസ്ഥർ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് കൊണ്ടാണ് താന്‍ ഈ കേസില്‍ ഇടപെട്ടതെന്നും നിയമ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും എംഎൽഎ പറഞ്ഞു.