ഓപ്പറേഷൻ സിന്ദൂർ; വിദേശ പര്യടന സംഘത്തെ തരൂർ നയിക്കും
Friday, May 16, 2025 7:49 PM IST
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാക് ഭീകരത ലോകത്തിന് മുന്നിൽ തുറന്നു കാട്ടാൻ വിവിധ രാജ്യങ്ങളിലേക്ക് കേന്ദ്ര സർക്കാർ അയക്കുന്ന ഒരു സംഘത്തെ ശശി തരൂർ നയിക്കും. കേന്ദ്ര സർക്കാരിന്റെ ക്ഷണം തരൂർ സ്വീകരിച്ചു.
യുഎസ്എ, യുകെ എന്നിവിടങ്ങളിലേക്കാണ് തരൂർ ഉൾപ്പെടുന്ന സംഘം പര്യടനം നടത്തുക. മേയ് 22 മുതൽ ജൂണ്‍ പകുതി വരെയാണ് സംഘത്തിന്റെ യാത്ര തീരുമാനിച്ചിരിക്കുന്നത്. ശശി തരൂരിന് പുറമെ ഇന്ത്യാ മുന്നണിയിലെ വിവിധ പാർട്ടി നേതാക്കളെയും പ്രതിനിധി സംഘത്തിൽ കേന്ദ്രസർക്കാർ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പഹൽഗാം ആക്രമണം മുതൽ ഓപ്പറേഷൻ സിന്ദൂര്‍ വരെയുള്ള കാര്യങ്ങള്‍ ലോകരാജ്യങ്ങള്‍ക്ക് മുന്നിൽ അവതരിപ്പിക്കുകയാണ് യാത്രയുടെ ലക്ഷ്യമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഇന്ത്യയിലെ വിദേശകാര്യ പാര്‍ലമെന്ററി പാനലിന്റെ തലവന്‍ കൂടിയാണ് കോൺഗ്രസ് നേതാവായ ശശി തരൂര്‍.
സംഘത്തിൽ 30ലധികം പേരുണ്ടാകുമെന്നാണ് സൂചന. തരൂരിനെ കൂടാതെ കോണ്‍ഗ്രസില്‍ നിന്ന് മനീഷ് തിവാരി, സല്മാന് ഖുര്‍ഷിദ്, അമര്‍ സിംഗ് തുടങ്ങിയ എംപിമാരെയും ഉൾപ്പെടുത്തിയിട്ടുണ്ട്.
ബിജെപി നേതാക്കളായ അനുരാഗ് ഠാക്കൂർ, അപരാജിത സാരംഗി, സിപിഎം നേതാവ് ജോൺ ബ്രിട്ടാസ്, ഡിഎംകെ എംപി കെ.കനിമൊഴി, തൃണമൂൽ നേതാവ് സുദീപ് ബന്ദോപാധ്യായ, ജെഡിയു നേതാവ് സഞ്ജയ് ഝാ, ബിജെഡി നേതാവ് സസ്മിത് പത്ര, ശിവസേനാ (യുബിടി) നേതാവ് പ്രിയങ്ക ചതുർവേദി, എൻസിപി (എസ്പി) നേതാവ് സുപ്രിയ സുലെ, എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസി, എഎപി നേതാവ് വിക്രംജിത് സാഹ്നി എന്നിവരും സംഘത്തിലുണ്ട്.