മൊഴി നൽകിയിട്ടുണ്ട്, കൊലക്കുറ്റം ചെയ്തിട്ടില്ലലോ..?: ജി. സുധാകരൻ
Thursday, May 15, 2025 4:55 PM IST
ആലപ്പുഴ: തപാൽ വോട്ടുകൾ തിരുത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തലിൽ മൊഴി നൽകിയിട്ടുണ്ടെന്ന് മുതിർന്ന സിപിഎം നേതാവും മുൻമന്ത്രിയുമായ ജി. സുധാകരൻ. കൊലക്കുറ്റം ചെയ്തിട്ടില്ലലോ എന്നും വിവാദ പരാമർശത്തിൽ മുൻപും കേസെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പറയാനുള്ള കാര്യങ്ങളെല്ലം ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ട്. മറ്റൊന്നും പറയാനില്ലെന്നുമായിരുന്നു മൊഴിയെടുപ്പിനുശേഷം സുധാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇന്ന് ഉച്ചയ്ക്കു രണ്ടരയ്ക്കുശേഷമാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ സുധാകരന്റെ വീട്ടിലെത്തിയത്. അരമണിക്കൂറോളം നീണ്ടുനിന്ന മൊഴിയെടുപ്പിനുശേഷമാണ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്.
അന്പലപ്പുഴ തഹസീൽദാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് മൊഴിയെടുത്തത്. 1989-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സംബന്ധിച്ചായിരുന്നു സുധാകരന്റെ പരാമര്‍ശം. ബാലറ്റ് പൊട്ടിച്ച് പരിശോധിച്ച് തിരുത്തിയിട്ടുണ്ടെന്നും ഇനി കേസെടുത്താലും കുഴപ്പമില്ലെന്നുമാണ് സുധാകരന് പറഞ്ഞത്. തപാല്‍ വോട്ടു ചെയ്യുമ്പോള്‍ എന്‍ജിഒ യൂണിയന്കാര് വേറെ ആളുകള്‍ക്ക് ചെയ്യരുത്. കുറച്ചുപേര്‍ അങ്ങനെ ചെയ്യുന്നുണ്ട്.
കെഎസ്ടിഎ നേതാവ് കെ.വി. ദേവദാസ് ആലപ്പുഴയില്‍നിന്ന് പാര്‍ലമെന്റിലേക്ക് മത്സരിച്ചപ്പോള്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ പോസ്റ്റല്‍ ബാലറ്റുകള്‍ പൊട്ടിച്ച്, പരിശോധിച്ച് ഞങ്ങള്‍ തിരുത്തി. 15 ശതമാനം പേരും വോട്ടുചെയ്തത് എതിര്‍സ്ഥാനാര്‍ഥിക്കായിരുന്നു. ഇനി എന്റെ പേരില്‍ കേസെടുത്താലും കുഴപ്പമില്ലെന്നും സുധാകരൻ പറഞ്ഞിരുന്നു.