കാളികാവിലെ കടുവയ്ക്കായി തിരച്ചിൽ: മുത്തങ്ങയില്‍ നിന്നു കുങ്കിയാനകള്‍ ഉള്‍പ്പെട്ട സംഘം എത്തുന്നു
Thursday, May 15, 2025 1:23 PM IST
മലപ്പുറം: കാളികാവില്‍ കടുവയുടെ ആക്രമണത്തില്‍ ഒരാള്‍ മരണപ്പെട്ട സംഭവത്തില്‍ പ്രദേശത്ത് തിരച്ചില്‍ നടത്തുന്നതിനായി വയനാട് മുത്തങ്ങയില്‍ നിന്നും കുങ്കിയാനകള്‍ ഉള്‍പ്പെടെ സംഘം പുറപ്പെട്ടു. ഡോ.അരുണ്‍ സഖറിയയും സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ടെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രന് അറിയിച്ചു. പ്രദേശത്ത് ജാഗ്രത പാലിക്കാനും തുടര്‍നടപടികള്‍ സ്വീകരിക്കാനും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്കി.
നോര്‍ത്തേണ്‍ റീജിയണ്‍ സിസിഎഫ് ഉമ ഐഎഫ്എസ്, മറ്റ് ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിട്ടുണ്ട്. കേന്ദ്ര വന്യജീവി നിയമത്തിന്റെ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയര്‍ പ്രകാരം രൂപീകരിക്കുന്ന സമിതി ഉടന്‍ യോഗം ചേര്‍ന്ന് കടുവയെ മയക്കുവെടി വയ്ക്കുന്നതും കൂടുവച്ച് പിടികൂടുന്നതും സംബന്ധിച്ച് തീരുമാനമെടുക്കും.
ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് നാമനിര്‍ദേശം ചെയ്യുന്ന പ്രതിനിധി, നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റി പ്രതിനിധി, മൃഗഡോക്ടര്‍, പ്രദേശത്തെ എന്‍ജിഒ പ്രതിനിധി, പ്രദേശത്തെ പഞ്ചായത്ത് പ്രതിനിധി, ഡിഎഫ്ഒ തുടങ്ങിയവരെ ഉള്‍പ്പെടുത്തി സംഭവസ്ഥലത്ത് രൂപീകരിക്കുന്ന ആറംഗ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ഉത്തരവ് പുറപ്പെടുവിക്കും.
കാളികാവിൽ ടാപ്പിംഗ് തൊഴിലാളിയെ കടുവ കടിച്ചുകൊന്ന സംഭവത്തിൽ നാട്ടുകാർ ശക്തമായ പ്രതിഷേധമാണ് ഉയർത്തിയത്. പ്രതിഷേധവുമായി നാട്ടുകാർ. കടുവയെ വെടിവെച്ച് കൊല്ലാനുള്ള ഉത്തരവ് പുറപ്പെടുവിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ഏറെ ദിവസങ്ങൾക്ക് മുമ്പ് തന്നെ പ്രദേശത്ത് കടുവയുടേയും പുലിയുടേയും സാന്നിധ്യമുണ്ടെന്നും വളര്‍ത്തുമൃഗങ്ങളെയടക്കം കൊന്നിട്ടുണ്ടെന്നും പലതവണ വിവരം അറിയിച്ചിട്ടും പുലിയെ പിടികൂടാൻ നടപടി ഉണ്ടായിട്ടില്ലെന്നും നാട്ടുകാർ ആരോപിച്ചു.
അതേസമയം, സ്ഥലത്തെത്തിയ എ.പി. അനിൽകുമാർ എംഎൽഎയ്ക്കു നേരെയും പ്രതിഷേധമുണ്ടായി. വയനാട്ടിൽ നിന്നും പാലക്കാട്ടു നിന്നും മയക്കുവെടി സംഘം പുറപ്പെട്ടിട്ടുണ്ടെന്ന് എംഎൽഎ പറഞ്ഞു. മൂന്നുമാസം മുമ്പ് നിയമസഭയിൽ അറിയിച്ചിട്ടുണ്ട്. സർക്കാരിന് ശ്രദ്ധക്കുറവുണ്ടായെന്നും കടുവ സാന്നിധ്യം ഉണ്ടായെന്ന് അറിയിച്ചിട്ടും വേണ്ട രീതിയിൽ സർക്കാർ ഇടപെട്ടില്ലെന്നും അനിൽകുമാർ പറഞ്ഞു.
കാളികാവ് അടയ്ക്കാക്കുണ്ടിൽ ഇന്നു രാവിലെയോടെയാണ് സംഭവമുണ്ടായത്. റബ്ബർ ടാപ്പിംഗിനു പോയ ചോക്കാട് കല്ലാമൂല സ്വദേശി അബ്ദുൽ ഗഫൂർ ആണ് കൊല്ലപ്പെട്ടത്. റാവുത്തൻകാവ് ഭാഗത്ത് ടാപ്പിംഗ് നടത്തുന്നതിനിടെ ഗഫൂറിനെ കടുവ കടിച്ച് വലിച്ചിഴയ്ക്കുന്നത് കണ്ടുവെന്ന് കൂടെ ഉണ്ടായിരുന്ന സമദ് പറഞ്ഞു. മുണ്ട് അഴിഞ്ഞു പോയ നിലയിൽ ഏതാണ്ട് നഗ്നമായ നിലയിലായിരുന്നു മൃതദേഹം.
വനാതിർത്തിയിൽനിന്ന് രണ്ടു കിലോമീറ്റർ ദൂരെയാണ് സംഭവം നടന്നത്. ഗതാഗത സൗകര്യങ്ങൾ കുറവുള്ളതിനാൽ നടന്നാണ് വനപാലകരും പോലീസും നാട്ടുകാരും സ്ഥലത്തെത്തിയത്. സൗത്ത് ഡിഎഫ്ഒ ധനിത് ലാൽ, ഡിവൈഎസ്പി സാജു കെ. ഏബ്രഹാം എന്നിവർ സ്ഥലത്ത് എത്തിയിരുന്നു.