കൈക്കൂലിക്കേസ്: കൊച്ചി കോർപറേഷൻ ബിൽഡിംഗ് ഇൻസ്പെക്ടർ എ.സ്വപ്നയ്ക്ക് ജാമ്യം
Wednesday, May 14, 2025 7:25 PM IST
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ കൊച്ചി കോർപറേഷനിലെ ബിൽഡിംഗ് ഇൻസ്പെക്ടർ എ.സ്വപ്നക്ക് ജാമ്യം. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഏപ്രിൽ 30നാണ് 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സ്വപ്ന അറസ്റ്റിലായത്.
വൈറ്റില സ്വദേശിയുടെ കെട്ടിടത്തിന് നമ്പരിട്ടു നൽകാനുള്ള അപേക്ഷ ജനുവരിയിൽ നൽകിയിരുന്നെങ്കിലും പല കാരണങ്ങൾ പറഞ്ഞ് അനുമതി നൽകാതെ സ്വപ്ന വൈകിപ്പിച്ചു. സ്വപ്ന പറഞ്ഞ മാറ്റങ്ങള്‍ വരുത്തിയിട്ടും അനുമതി നൽകിയില്ല. തുടർന്നാണ് കൈക്കൂലി ആവശ്യപ്പെടുന്നതും പരാതിക്കാരൻ ഇത് വിജിലൻസിനെ അറിയിക്കുന്നതും.
തൃശൂർ സ്വദേശിയായ സ്വപ്ന മക്കളുമൊത്ത് നാട്ടിലേക്കു പോകുംവഴി പൊന്നുരുന്നിക്ക് സമീപത്തുവച്ച് പണം വാങ്ങുന്നതിനിടെയാണ് വിജിലൻസിന്റെ പിടിയിലായത്. ഔദ്യോഗിക കാലയളവിൽ സ്വപ്ന വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ് നിലവിൽ വിജിലൻസ് സംഘം.
കോർപ്പറേഷൻ പരിധിയിൽ സ്വപ്ന നൽകിയ മുഴുവൻ ബിൽഡിംഗ് പെർമിറ്റ് രേഖകളും വിജിലൻസ് പിടിച്ചെടുത്തു. കൊച്ചി കോർപറേഷനില്‍ വിജിലൻസ് തയാറാക്കിയ അഴിമതിക്കാരുടെ പട്ടികയിൽ മുന്നിലുള്ളയാളാണ് സ്വപ്ന.