ഇന്ത്യയ്ക്കെതിരേ വ്യാജ പ്രചാരണം; ചൈനീസ് മാധ്യമങ്ങളുടെ എക്സ് അക്കൗണ്ടുകൾ മരവിപ്പിച്ചു
Wednesday, May 14, 2025 1:17 PM IST
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യയെ ലക്ഷ്യം വച്ച് വ്യാജ വാർത്താ പ്രചരണം നടത്തിയെതിനെ തുടർന്ന് ചൈനീസ് മാധ്യമങ്ങളുടെ എക്സ് അക്കൗണ്ടുകൾ മരവിപ്പിച്ചു. ചൈനയുടെ സർക്കാർ ഉടമസ്ഥതയിലുള്ള മാധ്യമങ്ങളായ ഗ്ലോബൽ ടൈംസ്, സിൻഹുവ ന്യൂസ് ഏജൻസി എന്നിവയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടുകളാണ് മരവിപ്പിച്ചത്.
ഓപ്പറേഷൻ സിന്ദൂറിൽ പാക്കിസ്ഥാനിലെയും പാക് അധിനിവേശ കാഷ്മീരിലെയും ഭീകര കേന്ദ്രങ്ങൾ ഇന്ത്യ തകർത്തതിന് പിന്നാലെ, ചൈനീസ് മാധ്യമങ്ങൾ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതായി കണ്ടെത്തുകയായിരുന്നു. 2024-ൽ രാജസ്ഥാനിലും 2021-ൽ പഞ്ചാബിലും തകർന്ന മിഗ്-29, മിഗ്-21 വിമാനങ്ങളുടെ ചിത്രങ്ങളടക്കം ഉപയോഗിച്ചായിരുന്നു വ്യാജപ്രചാരണം.
തെറ്റായ വിവരങ്ങൾ പുറത്തുവിടുന്നതിന് മുമ്പ് വസ്തുതകൾ പരിശോധിക്കാൻ ഇന്ത്യ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.