അരുണാചല്‍പ്രദേശിലെ സ്ഥലങ്ങള്‍ക്ക് പുതിയ പേരുകള്‍ ഇട്ട് ചൈന; അപലപിച്ച് ഇന്ത്യ
Wednesday, May 14, 2025 11:10 AM IST
ന്യൂഡല്‍ഹി: അരുണാചല്‍പ്രദേശിലെ സ്ഥലങ്ങള്‍ക്ക് പുതിയ പേരുകള്‍ ഇട്ട ചൈനീസ് നീക്കത്തെ അപലപിച്ച് ഇന്ത്യ. പേരുമാറ്റിയതുകൊണ്ട് യാഥാര്‍ഥ്യം മാറില്ലെന്നും ചൈനയുടെ പ്രവൃത്തി അസംബന്ധമാണെന്നും ഇന്ത്യ വ്യക്തമാക്കി.
ചൈന അവകാശവാദം ഉന്നയിക്കുന്ന അരുണാചൽ പ്രദേശിലെ സ്ഥലങ്ങളുടെ ചൈനീസ് പേരുകളുടെ പട്ടിക ബീജിംഗ് വീണ്ടും പുറത്തിറക്കിയതിന് പിന്നാലെയാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവന ഇറക്കിയത്. അരുണാചലിന്റെ കാര്യത്തില്‍ ഇന്ത്യയ്ക്കൊരു നിലപാടുണ്ട്.
കൃത്രിമമായ പേരിടലിലൂടെ അവിടുത്തെ യാഥാര്‍ഥ്യത്തില്‍ മാറ്റം വരുത്താനാകില്ല. അരുണാചല്‍ പ്രദേശ് ഇന്നലെയും ഇന്നും ഇന്ത്യയുടെ അവിഭാജ്യവും അനിഷേധ്യവുമായ ഭാഗമാണ്. അത് എല്ലായ്പ്പോഴും അങ്ങനെ ആയിരിക്കുമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
അരുണാചൽ പ്രദേശിലെ സ്ഥലങ്ങളുടെ പേര് ചൈന മാറ്റുന്നത് ഇതാദ്യമല്ല. 2024ല്‍ സമാനമായി അരുണാചല്‍ പ്രദേശിലെ 30 സ്ഥലങ്ങള്‍ക്ക് വേറെപേരുകള്‍ നല്കി ചൈന പ്രത്യേക മാപ്പ് പുറത്തിറക്കിയിരുന്നു. ആ സമയത്തും ഇന്ത്യ ശക്തമായി എതിർത്തിരുന്നു.
അരുണാചലിന്റെ ചില ഭാഗങ്ങള്‍ ടിബറ്റിന്റെ തെക്കന്‍ ഭാഗമാണെന്നാണ് ചൈന അവകാശപ്പെടുന്നത്.