പൂരത്തിൽ അലിഞ്ഞു തൃശൂർ; നിറക്കൂട്ട് ചാര്‍ത്തി കുടകൾ വാനില്‍ ഉയര്‍ന്നു
Tuesday, May 6, 2025 6:40 PM IST
തൃശൂർ: പൂരപ്രേമികളെ ആവേശത്തിലാക്കി തൃശൂർ തേക്കിന്‍കാട് മൈതാനത്ത് കുടമാറ്റം ആരംഭിച്ചു. പാറമേക്കാവ് തിരുവമ്പാടി വിഭാഗങ്ങള്‍ തെക്കോട്ടിറങ്ങി നേര്‍ക്കുനേര്‍ നിന്നതോടെയാണ് കുടമാറ്റം ആരംഭിച്ചത്.
ആദ്യം പാറമേക്കാവാണ് പുറത്തേക്ക് ഇറങ്ങിയത്. തിരുവമ്പാടിയും പുറത്തേക്ക് ഇറങ്ങിയതോടെയാണ് തേക്കിന്‍കാട് മൈതാനത്ത് കുടമാറ്റത്തിന്റെ വര്‍ണവിസ്മയ കാഴ്ചകള്‍ നിറഞ്ഞത്. കുടമാറ്റത്തിനുശേഷം രാത്രി വീണ്ടും എഴുന്നള്ളിപ്പ് നടത്തും.
തിരുവന്പാടി, പാറമേക്കാവ് ഭഗവതിമാർ രാത്രിയിൽ എഴുന്നള്ളുന്പോൾ പാറമേക്കാവിനു പഞ്ചവാദ്യമാണ് അകന്പടിയാകുക. ചോറ്റാനിക്കര നന്ദപ്പൻ മാരാർ നേതൃത്വം നൽകും. തിരുവന്പാടി നായ്ക്കനാലിലെ പന്തലിലും പാറമേക്കാവ് സ്വരാജ് റൗണ്ടിലൂടെ മണികണ്ഠനാലിലെ പന്തലിലും എത്തി ഒരാനപ്പുറത്ത് നിലയുറപ്പിക്കും.
പുലർച്ചെ മൂന്നിന് ഇരുദേശങ്ങളുടെയും വെടിക്കെട്ടിനുശേഷം രാവിലെ ഏഴരയോടെ പകൽപ്പൂരം ആരംഭിക്കും. എഴുന്നള്ളിപ്പ് ശ്രീമൂലസ്ഥാനത്തെത്തി പാണ്ടിമേളങ്ങൾ കലാശിച്ച് ഉച്ചയ്ക്ക് ഒന്നിന് ഉപചാരം ചൊല്ലി പിരിയൽ. വെടിക്കെട്ടിനുശേഷം പൂരത്തിനു സമാപനമാകും.